
തിരുവനന്തപുരം : ചരിത്രമാകുന്ന വഴിഞ്ഞം തുറമുഖത്തേക്ക് ആദ്യമായെത്തുന്ന മദർഷിപ്പ് സാൻ ഫെർണാൻഡോയ്ക്ക് ഔദ്യോഗിക സ്വീകരണം. മുഖ്യമന്ത്രി പിണറായി വിജയനും കേന്ദ്ര തുറമുഖമന്ത്രി സർവാനന്ത സോനോവാളും ചേർന്ന് മദർ ഷിപ്പിനെ ഔദ്യോഗികമായി സ്വീകരിച്ചു. കപ്പലിലെ ക്യാപ്റ്റനും ജീവനക്കാർക്കും മന്ത്രിമാർ ഉപഹാരം നൽകി. ആദ്യ മദർഷിപ്പ് എത്തിയതിന്റെ ശിലാഫലകം മുഖ്യമന്ത്രി അനാച്ഛാദനം ചെയ്തു. വിഴിഞ്ഞം ഇടവക വികാരി മോൻസിഞ്ഞോർ നിക്കോളാസ് ചടങ്ങിൽ പങ്കാളിയായി. പരിപാടിയിലേക്കുള്ള ക്ഷണം ലത്തീൻ അതിരൂപത ആർച്ച് ബിഷപ്പ് തോമസ് ജെ നെറ്റോ നിരസിച്ചിരുന്നു.
മുഖ്യമന്ത്രിയും കേന്ദ്ര തുറമുഖമന്ത്രി സോനോവാളിനും പുറമെ അദാനി പോർട്സ് സിഇഒ കരൺ അദാനിയും ചടങ്ങിനെത്തി. മുഖ്യമന്ത്രി പിണറായി വിജയൻ്റെ ഇച്ഛാശക്തിയാണ് വിഴിഞ്ഞത്തിൻ്റെ വിജയമെന്ന് ചീഫ് സെക്രട്ടറി വി വേണു ചടങ്ങിൽ പറഞ്ഞു. വിഴിഞ്ഞം പദ്ധതിക്ക് തുടക്കമിട്ടത് ഇ കെ നായനാർ മന്ത്രിസഭയെന്ന് തുറമുഖ വകുപ്പ് മന്ത്രി വി എൻ വാസവൻ പറഞ്ഞു. പ്രതിഷേധത്തെ തുടർന്നാണ് ഉമ്മൻ ചാണ്ടി സർക്കാർ അദാനിയുമായി കരാർ ഒപ്പുവെച്ചത്. പ്രദേശ വാസികൾ ഉന്നയിച്ച പ്രശ്നങ്ങൾ പരിഹരിക്കും. പറഞ്ഞ വാക്ക് പാലിക്കുമെന്നും ഒന്നും രണ്ടും പിണറായി സർക്കാറിൻ്റെ ഇച്ഛാശക്തി കൊണ്ടാണ് തുറമുഖം പൂർത്തിയായതെന്നും വി എൻ വാസവൻ പറഞ്ഞു. പ്രതിപക്ഷ നേതാവിനെ ക്ഷണിക്കാത്തതിൽ വിമർശനമുയർന്നിരുന്നു.
വിഴിഞ്ഞം തുറമുഖത്തിന് ഉമ്മൻചാണ്ടിയുടെ പേര് നൽകണമെന്നാണ് കോൺഗ്രസിന്റെ ആവശ്യം. എന്നാൽ വിഴിഞ്ഞം ട്രയൽ റണ്ണിന്റെ ഉദ്ഘാടനം യുഡിഎഫ് ബഹിഷ്കരിക്കില്ല. സ്ഥലം എംഎൽഎ എൻ വിൻസൻ്റ് ചടങ്ങിൽ പങ്കെടുക്കുന്നുണ്ട്. ചൈനയിലെ ഷിയാമിൻ തുറമുഖത്ത് നിന്ന് വിഴിഞ്ഞത്തെത്തിയ കപ്പലിൽ 2000ലധികം കണ്ടെയ്നറുകളാണുള്ളത്. ഇതുവരെ 500ഓളം കണ്ടെയ്നറുകൾ ബെർത്തിലേക്ക് ഇറക്കി കഴിഞ്ഞു. ഇന്ന് വൈകിട്ടോടെ സാൻ ഫെർണാൻഡോ യൂറോപ്പിലേക്ക് തിരിക്കും എന്നാണ് അറിയിച്ചിരുന്നതെങ്കിലും വൈകാനാണ് സാധ്യത. കപ്പൽ പുറപ്പെട്ടു കഴിഞ്ഞാൽ മാരിൻ അസൂർ, സീസ്പാൻ സാൻഡോസ് എന്നിങ്ങനെ രണ്ട് ഫീഡർ വെസലുകൾ വിഴിഞ്ഞതെത്തും.
രണ്ടുമാസം ട്രയൽറൺ തുടരുമെന്നും സെപ്തംബറോടെ തുറമുഖം കമ്മീഷൻ ചെയ്യാൻ സാധിക്കുമെന്നുമാണ് സർക്കാരിന്റെയും അദാനി ഗ്രൂപ്പിന്റെയും പ്രതികരണം. 7700 കോടി രൂപയുടെ പദ്ധതിയായാണ് വിഴിഞ്ഞ് ഒരുങ്ങുന്നത്. മൂന്നുമാസക്കാലം ഈ വിധം ട്രയൽറൺ തുടരും. ജൂലൈയിൽ തന്നെ മെഡിറ്ററേനിയൻ ഷിപ്പിംഗ് കമ്പനിയുടെ ലോകത്തെ ഏറ്റവും വലിയ കപ്പലും വിഴിഞ്ഞെത്തുമെന്ന് അദാനി പോർട്സ് അറിയിച്ചു. പ്രകൃതി ഒരുക്കിയ സ്വഭാവികമായ അനുകൂല ഘടകങ്ങളാണ് വിഴിഞ്ഞത്തിൻ്റെ ഏറ്റവും വലിയ സവിശേഷതകളായി ചൂണ്ടിക്കാണിക്കപ്പെടുന്നത്.
അന്താരാഷ്ട്ര കപ്പൽപ്പാതയിൽ നിന്നും 10 നോട്ടിക്കൽ മൈൽ മാത്രം അകലെയാണ് വിഴിഞ്ഞം തുറമുഖം. കിലോമീറ്റർ ദൂരം കണക്കാക്കിയാൽ ഏതാണ്ട് 19 കിലോമീറ്റർ മാത്രം ദൂരം. ഡ്രെഡ്ജിങ് നടത്താതെ തന്നെ ഏതാണ്ട് 20 മീറ്ററിലധികം സ്വാഭാവിക ആഴമുള്ള ഇന്ത്യയിലെ ഏകതുറമുഖവും വിഴിഞ്ഞമാണ്. ഈ സ്വഭാവികമായ സാധ്യത ഉപയോഗിച്ച് കൂറ്റൻ കപ്പലുകൾക്ക് ഇവിടെ അടുക്കാൻ സാധിക്കും. ഏതാണ്ട് 24,000 ടിഇയുവിനു മുകളിൽ ഭാരം കയറ്റാവുന്ന കപ്പലുകൾക്ക് വിഴിഞ്ഞം തീരത്ത് അടുക്കാനാവും.
Be the first to comment