
കൊച്ചി: സംസ്ഥാനത്തെ സ്വകാര്യബസുകള്‍ക്ക് 140 കിലോമീറ്ററിലധികം ദൂരം പെര്‍മിറ്റ് അനുവദിക്കേണ്ടെന്ന വ്യവ്യസ്ഥ ഹൈക്കോടതി റദ്ദാക്കി. ദൂരപരിധി നിശ്ചയിച്ചു കൊണ്ടുള്ള മോട്ടോര്‍ വെഹിക്കിള്‍ സ്‌കീമിലെ വ്യവസ്ഥയാണ് റദ്ദാക്കിയത്. വ്യവസ്ഥ നിലനില്‍ക്കില്ലെന്ന സ്വകാര്യ ബസ്സുടകളുടെ വാദം അംഗീകരിച്ചാണ് ഉത്തരവ്.
മലയോര മേഖലകളിലേക്കടക്കം യാത്രാക്ലേശം രൂക്ഷമാക്കുന്ന വിവാദ വ്യവസ്ഥയാണ് ഹൈക്കോടതി റദ്ദാക്കിയത്. 2020 സെപ്റ്റംബര്‍ 14നാണ് 140 കിലോമീറ്ററിലധികം ദൂരത്തേക്ക് സര്‍വീസ് നടത്താന്‍ കെഎസ്ആര്‍ടിസിക്ക് മാത്രം പെര്‍മിറ്റ് അനുവദിക്കുന്ന സ്‌കീമിന്റെ കരട് പ്രസിദ്ധീകരിച്ചത്. നിയമമനുസരിച്ച് കരട് പ്രസിദ്ധപ്പെടുത്തി ഒരു വര്‍ഷത്തിനുളളില്‍ ബന്ധപ്പെട്ട കക്ഷികളെ കേട്ട് സ്‌കീം അന്തിമമാക്കണം. എന്നാല്‍ ഇതു ചെയ്യാതെ സമയപരിധി കഴിഞ്ഞ് സ്‌കീം അന്തിമമാക്കിയത് നിലനില്‍ക്കില്ലെന്നായിരുന്നു ഹര്‍ജിക്കാരുടെ വാദം. ഈ വാദം കോടതി അംഗീകരിക്കുകയായിരുന്നു. സ്‌കീം നിലവില്‍ വന്നതോടെ ദീര്‍ഘദൂര റൂട്ടില്‍ സര്‍വീസ് നടത്തിയിരുന്ന സ്വകാര്യ ബസുകള്‍ക്ക് പെര്‍മിറ്റ് പുതുക്കാന്‍ സാധിക്കാതെ വന്നു. തുടര്‍ന്ന് നിലവില്‍ 140 കിലോമീറ്ററിലേറെയുള്ള റൂട്ടുകളില്‍ ‘സേവ്ഡ് പെര്‍മിറ്റ്’ ഉള്ള സ്വകാര്യ ബസുടമകള്‍ കോടതിയെ സമീപിക്കുകയായിരുന്നു.
കഴിഞ്ഞ വര്‍ഷം മേയ് 3ന് സര്‍ക്കാര്‍ അംഗീകാരം നല്‍കിയ സ്‌കീമിലെ വ്യവസ്ഥ ഒട്ടേറെ തവണ കോടതിയില്‍ ചോദ്യം ചെയ്യപ്പെട്ടിട്ടുണ്ട്. തങ്ങള്‍ക്ക് ഗുണകരമാണ് പുതിയ വ്യവസ്ഥപ്രകാരമുള്ള ‘റൂട്ട് ദേശസാല്‍ക്കരണ നടപടി’ എന്ന് കെഎസ്ആര്‍ടിസി വാദിച്ചിരുന്നു. 140 കിലോമീറ്ററിനു മുകളില്‍ സര്‍വീസിന് പെര്‍മിറ്റ് ഉണ്ടായിരുന്നവര്‍ക്ക് താല്‍ക്കാലികമായി പെര്‍മിറ്റ് പുതുക്കി നല്‍കാന്‍ നേരത്തേ ഹൈക്കോടതി ഉത്തരവിട്ടിരുന്നു.
Be the first to comment