എം ജി സർവ്വകലാശാലയിൽ അന്താരാഷ്ട്ര നിലവാരത്തിലുള്ള സ്റ്റേഡിയത്തിന്റെ നിർമാണത്തിനുള്ള ധാരണാപത്രം ഒപ്പ് വെച്ചു

അതിരമ്പുഴ: അതിരമ്പുഴ മഹാത്മാഗാന്ധി സർവ്വകലാശാലയിൽ അന്താരാഷ്ട്ര നിലവാരത്തിലുള്ള ജില്ലാ സ്റ്റേഡിയത്തിന്റെ നിർമാണത്തിനുള്ള ധാരണാപത്രം കായിക മന്ത്രി വി അബ്ദുറഹ്മാൻ, ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ ബിന്ദു, രജിസ്‌ട്രേഷൻ സഹകരണ വകുപ്പ് മന്ത്രി വി എൻ വാസവൻ, തോമസ് ചാഴികാടൻ എം പി  എന്നിവരുടെ സാന്നിധ്യത്തിൽ ഉന്നത ഉദ്യോഗസ്ഥർ ഒപ്പ് വെച്ചു. സംസ്ഥാന സർക്കാർ കിഫ്ബി ഫണ്ടിൽ നിന്നും 50 കോടി രൂപ ചിലവിട്ടാണ് സർവകലാശാല കാമ്പസിനു സമീപമുള്ള നിലവിലെ ഗ്രൗണ്ടിൽആധുനിക സൗകര്യങ്ങളോടെ പുതിയ സ്റ്റേഡിയം കോംപ്ലക്സ് നിർമിക്കുന്നത്.
പത്തു ലൈനുകളിലായി 400 മീറ്റർ സിന്തറ്റിക് ട്രാക്ക്, ട്രാക്ക് ആൻഡ് ഫീൽഡ് പിറ്റുകള്. ഒൻപത് ലൈനുകളുള്ള ഒളിമ്പിക് സൈസ് സ്വിമ്മിംഗ് പൂള്. മൾട്ടി പർപ്പസ് ഫ്ളഡ്ലിറ്റ് ഇൻഡോർ സ്റ്റേഡിയം. വോളിബോൾ കോർട്ട്, ബാസ്ക്കറ്റ് ബോൾ കോർട്ട്, ഹാൻഡ്ബാൾ കോർട്ട്, ബാഡ്മിന്റൺ കോർട്ടുകൾ, ടേബിള് ടെന്നീസ് അരീന, നാല് തട്ടുകളിലായി ഗാലറി എന്നിവയും ഇൻഡോർ സ്റ്റേഡിയത്തിൽ ഉണ്ടാകും.
കേന്ദ്രീകൃത സ്പോർട്സ് ഹോസ്റ്റലിന് പുറമെ ഗ്രൗണ്ടിന്റെ തെക്കുഭാഗത്ത് സംരക്ഷണ ഭിത്തി കെട്ടി സ്റ്റേഡിയത്തിന് ചുറ്റും മെഷ് ഫെന്സിംഗ് ക്രമീകരിക്കും. വിവിധ കായിക ഇനങ്ങൾക്കുള്ള  ഉപകരണങ്ങൾ. സ്പോർട്സ് ഹോസ്റ്റലുകളിലേക്കുള്ള ഫർണീച്ചറുകൾ, സ്റ്റോർ മുറികളിലേക്കുള്ള ഉപകരണങ്ങൾ തുടങ്ങിയവയും പദ്ധതിയുടെ ഭാഗമാണ്. രാജ്യാന്തര നിലവാരത്തിലുള്ള പരിശീലന സൗകര്യങ്ങൾ ഏറ്റുമാനൂർ മണ്ഡലത്തിൽ വരുമ്പോൾ വലിയ കായിക മുന്നേറ്റത്തിനുള്ള സാധ്യതയാണ് സർവ്വകലാശാലയ്ക്കും കോട്ടയം ജില്ലയ്ക്കും തുറന്നുകിട്ടുന്നതെന്ന്  മന്ത്രി വി എൻ വാസവൻ പറഞ്ഞു. 

Be the first to comment

Leave a Reply

Your email address will not be published.


*