എംആര്‍എഫ്‌ ഓഹരി വില ഒരു ലക്ഷം രൂപയിലേക്ക്‌!

കേരളത്തില്‍ നിന്നുള്ള കമ്പനിയായ എംആര്‍എഫിന്റെ ഓഹരി വില ഒരു ലക്ഷം രൂപയിലേക്ക്‌ അടുക്കുമ്പോള്‍ ഒരു റെക്കോഡാണ്‌ സൃഷ്‌ടിക്കപ്പെടാന്‍ പോകുന്നത്‌. ഒരു ലക്ഷം രൂപ വിലയുള്ള ഒരു ഓഹരി പോലും നിലവില്‍ ഇന്ത്യന്‍ ഓഹരി വിപണിയിലില്ല, ഇതുവരെ ഉണ്ടായിട്ടുമില്ല. ആ അപൂര്‍വ നേട്ടത്തിന്റെ തൊട്ടരികിലാണ്‌ ഒരു കേരള കമ്പനി എത്തിയിരിക്കുന്നത്‌.

ഇന്നലെ എംആര്‍എഫ്‌ എക്കാലത്തെയും ഉയര്‍ന്ന വിലയാണ്‌ രേഖപ്പെടുത്തിയത്‌. 98,974.65 രൂപ എന്ന റെക്കോഡ്‌ വില രേഖപ്പെടുത്തിയ ഓഹരി ക്ലോസ്‌ ചെയ്‌തത്‌ 98,614 രൂപയ്‌ക്കാണ്‌. ക്ലോസ്‌ ചെയ്‌ത വിലയിലും എംആര്‍എഫ്‌ റെക്കോഡ്‌ സൃഷ്‌ടിച്ചു. കഴിഞ്ഞ ഒരു മാസം കൊണ്ട്‌ എംആര്‍എഫിന്റെ ഓഹരി വിലയിലുണ്ടായ മുന്നേറ്റം 17.47 ശതമാനമാണ്‌.

പ്രധാനമായും ടയര്‍ കമ്പനികളുടെ ഓഹരികളില്‍ നിക്ഷേപകര്‍ക്കുണ്ടായ വര്‍ധിതമായ താല്‍പ്പര്യമാണ്‌ ഈ കുതിപ്പിന്‌ വഴിവെച്ചത്‌. വാഹന വില്‍പ്പന വര്‍ധിച്ചത്‌ ടയര്‍ മേഖലയിലെ കമ്പനികളുടെ വില്‍പ്പന മെച്ചപ്പെടുന്നതിനു വഴിയൊരുക്കി. ഇതിനൊപ്പം ടയര്‍ നിര്‍മാണത്തിനുള്ള പ്രധാന അസംസ്‌കൃത വസ്‌തുവായ ക്രൂഡ്‌ ഓയിലിന്റെ വില കുറഞ്ഞത്‌ ഈ മേഖലയിലെ കമ്പനികളുടെ ലാഭം ഉയര്‍ത്താനും സഹായകമായി. ടയര്‍ നിര്‍മാണ മേഖലയില്‍ ഏറ്റവും ഉയര്‍ന്ന വിപണി പങ്കാളിത്തമുള്ള എംആര്‍എഫ്‌ ഓഹരി വിപണിയില്‍ പുതിയ ചരിത്രം സൃഷ്‌ടിക്കുന്നതിന്‌ ഈ സാഹചര്യം കളമൊരുക്കുകയായിരുന്നു.

ഒരു ലക്ഷം രൂപയിലേക്ക്‌ എംആര്‍എഫിന്റെ ഓഹരി വില അടുക്കുമ്പോള്‍ നിക്ഷേപകരുടെ സമ്പത്ത്‌ പതിന്മടങ്ങ്‌ വളര്‍ത്തിയതിന്റെ ക്രെഡിറ്റ്‌ കൂടി ഈ കേരള കമ്പനിക്ക്‌ സ്വന്തമാകുന്നു. കഴിഞ്ഞ പത്ത്‌ വര്‍ഷത്തിനുള്ളില്‍ എംആര്‍ഫിന്റെ ഓഹരി വിലയിലുണ്ടായ വര്‍ധന 562 ശതമാനമാണ്‌. 2013 മെയ്‌ ഒന്നിന്‌ 14,895 രൂപ വിലയുണ്ടായിരുന്ന ഓഹരിയാണ്‌ ഇന്നലെ 98,974.65 രൂപ രൂപ വരെ ഉയര്‍ന്നത്‌. കമ്പനിയുടെ വിപണിമൂല്യം 41,823 കോടി രൂപയായി ഉയരുകയും ചെയ്‌തു.

ഓഹരി വിഭജനത്തിനോ ബോണസ്‌ അനുവദിക്കുന്നതിനോ മാനേജ്‌മെന്റ്‌ താല്‍പ്പര്യപ്പെടാത്തത്‌ ഇന്ന്‌ എംആര്‍എഫ്‌ ഇന്ത്യന്‍ ഓഹരി വിപണിയിലെ ഏറ്റവും വില കൂടിയ ഓഹരിയായതിനുള്ള കാരണങ്ങളിലൊന്നാണ്‌. ഏറ്റവുമൊടുവില്‍ 1975 ഏപ്രിലിലാണ്‌ 1:2 എന്ന അനുപാതത്തില്‍ എംആര്‍എഫ്‌ ബോണസ്‌ ഓഹരികള്‍ അനുവദിച്ചത്‌. അതിന്‌ മുമ്പ്‌ 1970ല്‍ 1:3 എന്ന അനുപാതത്തിലും ബോണസ്‌ ഓഹരികള്‍ നല്‍കിയിരുന്നു. പത്ത്‌ രൂപ മുഖവിലയുള്ള ഓഹരി ഒരിക്കല്‍ പോലും വിഭജിച്ചിട്ടില്ല.

‘ഇന്ത്യയിലെ ബര്‍ക്‌ഷിര്‍ ഹാത്തവേ’യായി എംആര്‍എഫ്‌ എന്ന കേരള കമ്പനി തുടരുമ്പോള്‍, ഒരു ലക്ഷം രൂപ എന്ന ഇന്ത്യന്‍ ഒരു കമ്പനിയ്‌ക്കും കൈവരിക്കാനാകാത്ത ഓഹരി വിലയിലേക്ക്‌ അടുക്കുമ്പോള്‍ അത്‌ അച്ചടക്കവും ആസൂത്രണവും മുഖമുദ്രയായുള്ള ഒരു മാനേജ്‌മെന്റിനു കീഴില്‍ കൈവരിച്ച പടിപടിയായുള്ള ബിസിനസ്‌ വളര്‍ച്ചയ്‌ക്ക്‌ ലഭിക്കുന്ന അംഗീകാരം കൂടിയാണ്‌. മികച്ച ബിസിനസുകള്‍ ഓഹരിയുടമകളുടെ സമ്പത്ത്‌ പല മടങ്ങ്‌ വളര്‍ത്തുന്നതിന്‌ കേരളത്തില്‍ നിന്നുള്ള ഏറ്റവും മികച്ച ഉദാഹരണങ്ങളിലൊന്നാണ്‌ എംആര്‍എഫ്‌.

Be the first to comment

Leave a Reply

Your email address will not be published.


*