ചോദ്യ പേപ്പർ ചോർച്ച കേസ്; എം എസ് സൊല്യൂഷൻസ് CEO ക്രൈം ബ്രാഞ്ചിന് മുന്നിൽ ഹാജരായില്ല

ചോദ്യ പേപ്പർ ചോർച്ച വിവാദത്തിൽ MS സൊല്യൂഷൻസ് സി ഇ ഒ എം ഷുഹൈബ് ക്രൈം ബ്രാഞ്ച് സംഘത്തിന് മുന്നിൽ ഹാജരായില്ല. ഇന്ന് 11 മണിക്ക് ഹാജരാവാൻ ആയിരുന്നു ഷുഹൈബിനോട് അന്വേഷണസംഘം ആവശ്യപ്പെട്ടത്. ഷുഹൈബിനൊപ്പം ഹാജരാകാൻ നിർദ്ദേശിച്ചിരുന്ന സ്ഥാപനത്തിലെ അധ്യാപകരും അന്വേഷണ സംഘത്തിന് മുന്നിൽ ഹാജരായില്ല. മറ്റന്നാൾ ഹാജരാകാമെന്നാണ് അധ്യാപകർ അന്വേഷണ സംഘത്തെ നിലവിൽ അറിയിച്ചിരിക്കുന്നത് . ഷുഹൈബിനെ കസ്റ്റഡിയിൽ എടുക്കാൻ നീക്കം തുടങ്ങിയിരിക്കുകയാണ് ക്രൈം ബ്രാഞ്ച്. ഇയാളുടെ മുൻകൂർ ജാമ്യപേക്ഷ പരിഗണിക്കുന്നത് ഈ മാസം 26ലേക്ക് മാറ്റി.

ഷുഹൈബിന്റെ സാമ്പത്തിക ഇടപാടുകളും അന്വേഷണ സംഘം പരിശോധിക്കും.രണ്ട് വർഷത്തെ സാമ്പത്തിക ഇടപാടുകളാണ് പരിശോധിക്കുക. ചോദ്യപേപ്പർ ചോർന്നതിൽ സാമ്പത്തിക ഇടപാട് നടന്നോ എന്ന് അറിയാനാണ് പരിശോധന. വീഡിയോ നിർമ്മിക്കാൻ ഉപയോഗിച്ച കംപ്യൂട്ടർ ഉൾപ്പടെയുള്ളവും രേഖകളും സംഘം പരിശോധിച്ചു. നിലവിൽ ഷുഹൈബ് ഉൾപ്പടെ ഏഴു പേരുടെ മൊഴി രേഖപ്പെടുത്തിയിരുന്നു. തട്ടിപ്പ് ഉൾപ്പടെ ഏഴു വകുപ്പുകൾ ചുമത്തിയാണ് നിലവിൽ പ്രാഥമിക അന്വേഷണം നടത്തുന്നത്.

SSLC കെമിസ്ട്രി പരീക്ഷയ്ക്ക് MS സൊല്യൂഷൻ ക്ലാസിൽ പ്രവചിച്ച പാഠ ഭാഗങ്ങളിൽ നിന്നുള്ള 32 മാർക്കിന്റെ ചോദ്യങ്ങൾ പരീക്ഷയിൽ വന്നെന്നായിരുന്നു ആരോപണം. MS സൊല്യൂഷൻസിനെ കൂടാതെ മറ്റു ചില ട്യൂഷൻ സ്ഥാപനങ്ങളുമായി ചില സർക്കാർ, എയ്ഡഡ് അധ്യാപകർ സഹകരിക്കുന്നുണ്ടെന്ന വിവരവും അന്വേഷണ സംഘത്തിന് ലഭിച്ചിട്ടുണ്ട്. അതേസമയം, കർശന നടപടിയുമായി മുന്നോട്ടു പോകാനാണ് വിദ്യാഭ്യാസ വകുപ്പിൻ്റെ തീരുമാനം. ടേം പരീക്ഷ ചോദ്യപേപ്പർ ഉൾപ്പടെ സാങ്കേതിക രീതിയിൽ തയ്യാറാക്കും. ഗുണനിലവാരം നിലനിർത്തി മുന്നോട്ടു പോകും. വകുപ്പ് തല സമിതിയുടെ അന്വേഷണത്തിന് അനുസരിച്ച് തുടർ നടപടി ഉണ്ടാകുമെന്ന് മന്ത്രി വി ശിവൻകുട്ടി പറഞ്ഞു.

Be the first to comment

Leave a Reply

Your email address will not be published.


*