
മലയാളത്തിന്റെ അതുല്യ കഥാകാരൻ എംടി വാസുദേവൻ നായർക്ക് ഇന്ന് 90ാം പിറന്നാൾ. ലോകത്തെവിടെയായാലും മലയാളിയ്ക്ക് സ്വന്തം നാടു പോലെ പ്രിയങ്കരമാണ് എംടി എന്ന രണ്ടക്ഷരം. നാലു തലമുറകള്‍ വായിച്ചിട്ടും തീരാത്ത അക്ഷയ ഖനിയാണ് നവതിപ്രഭയിലും ആ സാഹിത്യ ജീവിതം. വീട്ടിലും നാട്ടിലും എംടി കണ്ടുപരിചയിച്ച പല മനുഷ്യരും കഥാപാത്രങ്ങളായി ആ തൂലികയിലൂടെ പിറവിയെടുത്തു.
പരിചിതമായ ജീവിതപരിസരങ്ങളില്‍ നിന്ന് കാലാതിവര്‍ത്തിയായ കഥകള്‍ എംടി എഴുതിത്തുടങ്ങിയത് സ്കൂള്‍ കാലഘട്ടം മുതലാണ്. ബിരുദം നേടുമ്പോള്‍ രക്തം പുരണ്ട മണ്‍തരികളെന്ന കഥാസമാഹാരം എംടിയുടെ പേരിലുണ്ടായിരുന്നു. കാലത്തിലെ സേതുവും അസുരവിത്തിലെ ഗോവിന്ദന്‍കുട്ടിയും, രണ്ടാമൂഴത്തിലെ ഭീമനും മുന്നില്‍ മലയാള വായനാലോകം പിന്നെയും അലിഞ്ഞു. കാത്തിരിപ്പിന്‍റെ കഥ പറഞ്ഞ മഞ്ഞും, എഴുത്തിലും കടല്‍ കടന്നു പോയ ഷെര്‍ലക്കുമെല്ലാം എംടിയുടെ കീര്‍ത്തിമുദ്രാകളാണ് ഇപ്പോഴും. തന്‍റെ വരുതിയില്‍ വായനക്കാരനെ നിര്‍ത്താന്‍ എഴുത്തുശൈലി തന്നെയായിരുന്നു എംടിയുടെ കൈമുതല്‍. മലബാറിലെ ഫ്യൂഡല്‍ തറവാടുകളുടെ ഇരുട്ടകങ്ങളില്‍ ആധുനികതയുടെ സൂര്യനുദിച്ചത് അക്ഷരാര്‍ത്ഥത്തില്‍ എംടിയുടെ കഥകളിലൂടെയുമായിരുന്നു.
എഴുതുക മാത്രമല്ല, എഴുത്തുകാരെ വളര്‍ത്തുകയും ചെയ്തു. ഗദ്യസാഹിത്യത്തെ ജനപ്രിയമാക്കിയ വലിയ വിപ്ലവം ആധുനിക മലയാള സാഹിത്യത്തില്‍ കൊണ്ടുവന്നത് എംടിയായിരുന്നു. പുരാണങ്ങളെ പുനരാഖ്യാനം ചെയ്ത് ഇതിഹാസമായി മാറിയ എഴുത്തുകാരനായി എംടി. മഹാമൗനത്തിന്‍റെ വാത്മീകത്തിലിരിക്കുമ്പോഴും മനുഷ്യന്‍റെ ആത്മസംഘര്‍ഷങ്ങളുടെ അടരുകള്‍ തേടുകയാണ് എംടി വാസുദേവൻ നായർ ഇപ്പോഴും. എഴുത്തിന്‍റെ, അഹങ്കാര പൂര്‍ണമായ ഒരാത്മവിശ്വാസത്തെ, ആദരവോടെ നമ്മളിന്നും വിളിക്കുന്നതാണ് എംടി.
Be the first to comment