ഗാന്ധിനഗർ : ആകുലതകൾക്കിടയിലും ആശ്വാസത്തിന്റെ.. പ്രതീക്ഷകളുടെ സന്ദേശവുമായെത്തുന്ന തിരുവോണത്തെ വരവേറ്റ് മുടിയൂർക്കര ഹോളി ഫാമിലി സൺഡേ സ്കൂൾ. ഈ വർഷത്തെ ഓണാഘോഷ പരിപാടിയായ ‘ആരവം 2024” കുട്ടികൾക്ക് അക്ഷരാർത്ഥത്തിൽ ആവേശമായി മാറി.
ആഘോഷ പരിപാടികളുടെ ഉദ്ഘാടനം ഇടവക വികാരി ഫാ. എബ്രഹാം കാടാത്തുകളം നിർവഹിച്ചു. സഹവികാരി ഫാ. ജെന്നി കായംകുളത്തുശ്ശേരി, ഹെഡ്മാസ്റ്റർ ജോഷി വലക്കടവിൽ എന്നിവർ ആശംസകൾ അറിയിച്ചു സംസാരിച്ചു.
യുവദീപ്തി അംഗങ്ങൾ ഒരുക്കിയ വർണ്ണ പകിട്ടേറിയ പൂക്കളം ഏവരുടെയും ശ്രദ്ധ ആകർഷിച്ചു. കേരളത്തനിമ നിലനിർത്തുന്ന വസ്ത്രങ്ങളണിഞ്ഞ മലയാളി മങ്കമാരും കേരള ശ്രീമാൻമാരും വാശിയോടെ റാമ്പിൽ എത്തി. തുടർന്ന് ഓണപ്പാട്ട്, വടംവലി, ചാക്കിലോട്ടം, കസേരകളി, മിഠായി പെറുക്കൽ, ബലൂൺ പൊട്ടിക്കൽ, സ്‌റ്റിക്ക് വാക്ക്, കുപ്പിയിൽ വെള്ളം നിറയ്ക്കൽ, മെഴുകുതിരി കത്തിച്ചോട്ടം, സുന്ദരിക്ക് പൊട്ടു കുത്തൽ തുടങ്ങി ആവേശകരമായ നിരവധി മത്സരങ്ങൾ നടന്നു. അധ്യാപകരുടെ നേതൃത്വത്തിൽ വിഭവസമൃദ്ധമായ ഓണസദ്യയും ഒരുക്കിയിരുന്നു.
അടുത്ത ഓണക്കാലം വരേക്കും മായാതെ നില്ക്കുന്ന ഓർമകൾ കുട്ടികൾക്ക് സമ്മാനിച്ചാണ് ആരവം 2024 ന് തിരശീല വീണത്.
Be the first to comment