കോഴിക്കോട്: കോഴിക്കോട് പേരാമ്പ്രയില്‍ യുവതിയെ തോട്ടില്‍ മുക്കിക്കൊലപ്പെടുത്തിയ കേസിലെ പ്രതി മുജീബ് റഹ്മാന്‍ വിവാദമായ മുത്തേരി ബലാത്സംഗക്കേസിലെ ഒന്നാം പ്രതിയാണെന്ന് പോലീസ്. 57 ഓളം കേസുകളാണ് അനു കൊലക്കേസിലെ പ്രതിയായ കൊണ്ടോട്ടി കാവുങ്ങല്‍ ചെറുപറമ്പ് കോളനിയില്‍ നമ്പിലത്ത് മുജീബ് റഹ്മാന്‍ (49) ന് എതിരെയുള്ളത്. കൊണ്ടോട്ടി പോലീസ് സ്റ്റേഷനില്‍ മാത്രം 13 കേസുകളുണ്ട്.
മലപ്പുറം ജില്ലയിലെ മറ്റു പോലീസ് സ്റ്റേഷനുകളിലും വിവിധ ജില്ലകളിലുമായിട്ടാണ് 44 കേസുകളുള്ളത്. അഞ്ചുമാസം മുന്‍പ് കിഴിശ്ശേരിയിലെ ആക്രിക്കടയിലെ മോഷണത്തില്‍ അറസ്റ്റിലായ മുജീബ് റഹ്മാന്‍ അടുത്തിടെയാണ് ജാമ്യത്തിലിറങ്ങിയത്. ഉള്‍പ്രദേശങ്ങളിലൂടെ വാഹനങ്ങളില്‍ കറങ്ങി പിടിച്ചുപറി, വാഹന മോഷണം എന്നിവ നടത്തുകയാണ് മുജീബിൻ്റെ രീതി. വാഹന മോഷ്ടാവ് വീരപ്പന്‍ റഹീമിൻ്റെ സഹായിയാണ് ഇയാൾ.
2022 സെപ്റ്റംബറിലാണ് വിവാദമായ മുത്തേരി കേസ്. ജോലിക്കു പോകുകയായിരുന്ന വയോധികയെ മോഷ്ടിച്ച ഓട്ടോയില്‍ കയറ്റി കൈകാലുകള്‍ കെട്ടിയിട്ട് ബലാത്സംഗം ചെയ്ത് ആഭരണം കവരുകയായിരുന്നു. മുക്കത്ത് മോഷണത്തിനിടെ യുവതിയെ പീഡിപ്പിച്ച കേസിലും ഇയാള്‍ പ്രതിയാണ്. കുറുങ്കുടി മീത്തല്‍ അനുവിനെ (27) കഴിഞ്ഞ ചൊവ്വാഴ്ചയാണ് മുജീബ് റഹ്മാന്‍ തോട്ടില്‍ മുക്കി കൊലപ്പെടുത്തി ആഭണങ്ങള്‍ കവര്‍ന്നത്.
Be the first to comment