
സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്റെ പ്രസ്താവനക്കെതിരെ സിപിഐ നേതാവ് ആനി രാജ. മുകേഷിനെ എംഎൽഎ സ്ഥാനത്ത് നിന്ന് മാറ്റിനിർത്തണം,അതാണ് സ്ത്രീപക്ഷ നിലപാടെന്നും അതിൽനിന്നും ഒരുമാറ്റവും ഉണ്ടാകില്ലായെന്നും ആനി രാജ പറഞ്ഞു. ഇടതുപക്ഷം എന്നാൽ സ്ത്രീപക്ഷമാണ്, മറ്റുള്ളവർ തെറ്റ് ചെയ്തിട്ടുണ്ടാവും എന്നാൽ അവർ എന്ത് ചെയ്തു എന്നു നോക്കിയല്ല നടപടി എടുക്കേണ്ടതെന്നും രാജ്യത്തെ മറ്റുള്ളവർക്ക് കൂടെ മാതൃകയാവണം കമ്മ്യൂണിസ്റ്റ്‌കാരെന്നും ആനി രാജ കൂട്ടിച്ചേർത്തു.
മുകേഷ് എംഎൽഎ സ്ഥാനം രാജിവെക്കണമെന്നും അല്ലാത്തപക്ഷം സർക്കാരിന് മുകളിൽ അതൊരു കരിനിഴലായി വീഴുമെന്നും അതിജീവിതകൾക്ക് കൂടി നീതി ഉറപ്പാക്കുമെന്ന് സർക്കാർ അവരെ ബോധ്യപ്പെടുത്തണമെന്നും ആനി രാജ മാധ്യമങ്ങളോട് പ്രതികരിച്ചു.
അതേസമയം, കേരളം ഒരു വാട്ടർ ഷെഡ് മൂവ്മെന്റിലൂടെയാണ് ഇപ്പോൾ കടന്നുപോകുന്നതെന്ന് പറഞ്ഞ ആനി രാജ പ്രതിപക്ഷനേതാവിനെതിരെയും ആഞ്ഞടിച്ചു. സതീശൻ മറ്റുള്ളവർക്കുനേരെ വിരൽ ചൂണ്ടുമ്പോൾ ബാക്കി വിരലുകളെല്ലാം സതീശന് നേരെയാണ് നോക്കുന്നത്. പ്രതികരണം എന്തെന്ന് വലിയ പ്രതീക്ഷയോടെ നോക്കുന്ന സമയമാണിത്. അതിന്റെ ഗൗരവം കേരളത്തിലെ സർക്കാർ എടുക്കുമെന്നു കരുതുന്നുവെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ആനി രാജ വ്യക്തമാക്കി.
കുറ്റം ആരാപിക്കപ്പെട്ട ജനപ്രതിനിധി രാജി വച്ചശേഷം നിരപരാധിത്വം തെളിഞ്ഞാൽ തിരിച്ച് വരവിന് അവസരമുണ്ടാകില്ലായെന്നായിരുന്നു മാധ്യമങ്ങളോട് എം വി ഗോവിന്ദൻ പറഞ്ഞത്. എന്നാൽ സിനിമാ നയരൂപീകരണ സമിതിയിൽ നിന്ന് മുകേഷിനെ ഒഴിവാക്കും. കേസ് അന്വേഷണത്തിൽ എംഎൽഎ എന്ന നിലയിൽ ഒരു ആനുകൂല്യവും മുകേഷിന് നൽകില്ല. സ്വതന്ത്രവും നിഷ്പക്ഷവുമായ അന്വേഷണം നടക്കണമെന്നതാണ് നിലപാടെന്നും ഗോവിന്ദൻ പറഞ്ഞു.
Be the first to comment