തിരുവാർപ്പ് ഗ്രാമപഞ്ചായത്തിൽ മുളക് ഗ്രാമം പദ്ധതിക്ക് തുടക്കമായി

കോട്ടയം: കേരളത്തിൽ അധികം ഉൽപ്പാദനം ഇല്ലാത്തതും എന്നാൽ വിപണിയിൽ നല്ല ആവശ്യകത ഉള്ളതുമായ പച്ചക്കറി ഇനമായ മുളക് കൃഷി പ്രോത്സാഹിപ്പിക്കുന്നതിനായി തിരുവാർപ്പ് ഗ്രാമപഞ്ചായത്തിൽ മുളക് ഗ്രാമം പദ്ധതിക്ക് തുടക്കമായി. മുളകിൻ്റെ വിപണി സാധ്യത മുന്നിൽ കണ്ടാണ് തിരുവാർപ്പ് ഗ്രാമപഞ്ചായത്ത് 2024-25 വാർഷിക പദ്ധതിയിൽ മുളക് ഗ്രാമം എന്ന പദ്ധതി ആവിഷ്കരിച്ചിട്ടുള്ളത്. ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുമായി സംയോജിപ്പിച്ചാണ് ഈ പദ്ധതി നടപ്പിലാക്കുന്നത്.

മുളക് കൃഷി ചെയ്യുന്നതിനായി തിരുവാർപ്പ് പഞ്ചായത്തിലെ 12 ,13 ,15 വാർഡുകളിലായി മൂന്ന് ജോയിൻ്റ് ലയബിലിറ്റി ഗ്രൂപ്പുകൾ (ജെഎൽജി) രൂപീകരിച്ചു. തൊഴിലുറപ്പ് പദ്ധതിയിൽ കൃഷിയോഗ്യമാക്കിയ 2 ഏക്കർ ഭൂമിയിലാണ് ആദ്യഘട്ടം പദ്ധതി നടപ്പിലാക്കുന്നത്. ഗുണമേന്മയുള്ള മുളക് തൈയ്യും വളവും പദ്ധതിയുടെ ഭാഗമായി ഗ്രാമപഞ്ചായത്ത് നൽകും . ഉല്പാദിപ്പിക്കുന്ന മുളക് നേരിട്ട് വിപണനം നടത്തുന്നതിനൊപ്പം കീടനാശിനി രഹിത മുളകുപൊടി ജനങ്ങൾക്ക് ലഭ്യമാക്കുക എന്ന ലക്ഷ്യവും ഈ പദ്ധതിയിൽ വിഭാവനം ചെയ്യുന്നു.

പദ്ധതിയുടെ ഉത്ഘാടനം ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് അജയൻ കെ മേനോൻ നിർവ്വഹിച്ചു. വികസന സ്റ്റാൻഡിംഗ് കമ്മറ്റി ചെയർമാർ സി ടി രാജേഷ് അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ വൈസ് പ്രസിഡണ്ട് രശ്മി പ്രസാദ് , ഗ്രാമ പഞ്ചായത്തംഗം മഞ്ചു ഷിബു ,കൃഷി ഓഫീസർ നസിയ സത്താർ എന്നിവർ സംസാരിച്ചു.

Be the first to comment

Leave a Reply

Your email address will not be published.


*