പതിറ്റാണ്ടുകളായി മലയാളികളുടെ നെഞ്ചിലെ തീയായി തുടരുന്ന മുല്ലപ്പെരിയാർ അണക്കെട്ടിന് 129 വയസ്. 50 വർഷം ആയുസ് കണക്കാക്കി നിർമിച്ച ഡാം കമ്മീഷന്‍ ചെയ്തിട്ട് ഒക്‌ടോബർ 10ന് 129 വർഷം തികഞ്ഞു. കേരളത്തിലെ ജനങ്ങൾക്ക് സുരക്ഷയും തമിഴ്‌നാട്ടുകാർക്ക് വെള്ളവും കിട്ടാൻ പുതിയ അണക്കെട്ട് വേണമെന്ന വർഷങ്ങളായുള്ള ആവശ്യത്തിന് ഇതുവരെ പരിഹാരമായിട്ടില്ല.
തെക്കൻ തമിഴ്നാട്ടിലെ 5 ജില്ലകളിലെ കൃഷിക്കും കുടിവെള്ളത്തിനുമായാണ് മുല്ലപ്പെരിയാറിൽ അണക്കെട്ട് പണിതത്. 1886 ൽ തിരുവിതാംകൂർ മഹാരാജാവായിരുന്ന വിശാഖം തിരുനാളും മദ്രാസ് റെസിഡൻസിയും തമ്മിലുണ്ടാക്കിയ കരാർ പ്രകാരമാണ് മുല്ലപ്പെരിയാർ അണക്കെട്ട് പണിയാൻ തീരുമാനിച്ചത്.
1886 ലാണ് ഡാമിന്‍റെ പണിക്ക് തുടക്കം കുറിച്ചത്. സുർക്കി മിശ്രിതവും കരിങ്കല്ലുമുപയോഗിച്ച് ബ്രിട്ടീഷ് എൻജിനീയറായിരുന്ന ജോൺ പെന്നിക്വിക്കാണ് അണക്കെട്ട് നിർമിച്ചത്.
നിർമാണഘട്ടത്തിൽ രണ്ട് തവണ ഒലിച്ചുപോയതോടെ ബ്രിട്ടീഷ് സർക്കാർ പദ്ധതിയിൽ നിന്ന് പിൻമാറിയെങ്കിലും പെന്നി ക്വിക്ക് നിരാശനായില്ല. ഇംഗ്ലണ്ടിലുള്ള തൻ്റെ സ്വത്ത് വിറ്റുകിട്ടിയ പണം ഉപയോഗിച്ചാണ് അദ്ദേഹം ദൗത്യം പൂർത്തീകരിച്ചത്.
കേരള – തമിഴ്‌നാട് അതിർത്തിയിൽ ശിവഗിരി മലയിലെ ചൊക്കംപെട്ടിയിൽ നിന്ന് ഉദ്ഭവിക്കുന്ന പെരിയാറും മണലാറിന് സമീപം കോട്ടമല ഭാഗത്ത് നിന്നെത്തുന്ന മുല്ലയാറുമായി സംഗമിച്ച് മുല്ലപ്പെരിയാറായി ഒഴുകുന്നു. ഈ നദിക്ക് കുറുകെയാണ് വിവാദങ്ങൾ ചരിത്രപരമായി അണ കെട്ടി നിർത്തിയിരിക്കുന്നത്.
അണക്കെട്ടിന്‍റെ നിർമാണത്തോടെയാണ് പെരിയാർ വന്യജീവി സങ്കേതവും തേക്കടി തടാകവുമെല്ലാം രൂപം കൊണ്ടത്. 1895 ഒക്ടോബർ 10ന് വൈകിട്ട് 6 മണിക്കാണ് മദ്രാസ് ഗവർണർ വെള്ളം തുറന്നുവിട്ട് ഡാം ഔദ്യോഗികമായി കമ്മീഷൻ ചെയ്തത്. കനാൽ മാർഗം 125 കിലോ മീറ്റർ വരെ ദൂരത്തിലാണ് മുല്ലപ്പെരിയാറിൽ നിന്നുള്ള വെള്ളം എത്തിക്കുന്നത്.50 വർഷം ആയുസ് കണക്കാക്കി പണിത അണക്കെട്ട് 129 വർഷം പിന്നിട്ടതോടെ കേരളത്തിലെ ദശലക്ഷക്കണക്കിനാളുകളുടെ പേടി സ്വപ്നമാണിപ്പോൾ.
Be the first to comment