ന്യൂഡൽഹി: മുല്ലപ്പെരിയാർ അണക്കെട്ടിൻ്റെ സുരക്ഷ തൃപ്തികരമെന്ന് കേന്ദ്ര ജല കമ്മീഷനും സുപ്രീം കോടതി രൂപവത്കരിച്ച മേൽനോട്ട സമിതിയും. സുപ്രീം കോടതിയിൽ ഫയൽ ചെയ്ത റിപ്പോർട്ടിലാണ് നിർണായക വിവരങ്ങളുള്ളത്.
മുല്ലപ്പെരിയാർ അണക്കെട്ടിൽ സ്വതന്ത്ര സമിതിയെ വെച്ച് അടിയന്തര സുരക്ഷാ പരിശോധന നടത്തണമെന്ന ആവശ്യം കേരളം സുപ്രീം കോടതിയിൽ സത്യവാങ് മൂലം നൽകിയിരുന്നു. ഒരു വർഷത്തിനുള്ളിൽ പരിശോധന പൂർത്തിയാക്കാൻ നിർദേശിക്കണം എന്നായിരുന്നു കേരളത്തിൻ്റെ ആവശ്യം. കേരളത്തിൻ്റെയും തമിഴ് നാടിന്റെയും ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിൽ വേണം പരിശോധന നടത്താൻ, പരിശോധന പൂർണമായും വീഡിയോയിൽ പകർത്തണം എന്നീ നിർണായക ആവശ്യങ്ങളാണ് കേരളം സുപ്രീം കോടതിയിൽ ഫയൽ ചെയ്ത സത്യവാങ്മൂലത്തിൽ പറയുന്നത്.
പരിശേധനയ്ക്ക് സുപ്രീം കോടതി സമയപരിധി നിശ്ചയിച്ച് നൽകണമെന്ന് ആവശ്യപ്പെട്ട് കഴിഞ്ഞ നവംബറിൽ കോതമംഗലം സ്വദേശി ജോ ജോസഫ് സുപ്രീം കോടതിയിൽ ഹർജി നൽകിയിരുന്നു. ഈ ഹർജി നാളെ പരിഗണിക്കാനിരിക്കെയാണ് അണക്കെട്ടിൻ്റെ സുരക്ഷ തൃപ്തികരമെന്ന് കേന്ദ്ര ജല കമ്മീഷനും മേൽനോട്ട സമിതിയും വ്യക്തമാക്കിയിരിക്കുന്നത്.
Be the first to comment