മുംബൈ: ഭര്‍ത്താവ് ശാരീരികബന്ധത്തിന് തയ്യാറാവുന്നില്ലെന്ന് കാട്ടി യുവതി നല്‍കിയ പരാതിയില്‍ വിവാഹം അസാധുവാക്കി മുംബൈ ഹൈക്കോടതി. പങ്കാളിയുടെ നിരാശ അവഗണിക്കാനാവുന്നതല്ലെന്ന് ചൂണ്ടികാട്ടിയാണ് മുംബൈ ഹൈക്കോടതിയുടെ നടപടി.
വിധിന്യായത്തിൽ ജസ്റ്റിസുമാരായ വിഭ കങ്കൻവാടി, എസ്ജി ചപൽഗോങ്കർ എന്നിവരുടെ ഡിവിഷൻ ബെഞ്ച്, മാനസികമായും വൈകാരികമായും ശാരീരികമായും പരസ്പരം ബന്ധപ്പെടാൻ കഴിയാത്ത ബന്ധങ്ങളിൽ നിന്ന് പിന്മാറാൻ പങ്കാളിക്ക് അവകാശമുണ്ടെന്ന് നിരീക്ഷിച്ചു. വിവാഹം റദ്ദാക്കണമെന്നാവശ്യപ്പെട്ട് പങ്കാളിയായ യുവതി നൽകിയ ഹർജി കുടുംബ കോടതി ഫെബ്രുവരിയിൽ തള്ളിയിരുന്നു. ഇതിനെതിരെ യുവതി ഹൈക്കോടതിയിൽ നൽകിയ അപ്പീലിലായിരുന്നു നിർണ്ണായക വിധി.
2023 മാർച്ചിൽ ഇരുവരും വിവാഹിതരായെങ്കിലും 17 ദിവസത്തിന് ശേഷം വേർപിരിഞ്ഞു. എന്നാൽ നിയമപരമായി ബന്ധം ഒഴിയാൻ യുവാവ് വിസമ്മതിച്ചു. ഇതോടെയാണ് നിയമപരമായി ബന്ധത്തിൽ നിന്ന് ഒഴിവാക്കാൻ യുവതി കോടതിയെ സമീപിച്ചത്.
താനുമായുള്ള ശാരീരിക ബന്ധം പുരുഷൻ നിരസിച്ചതായി യുവതി പറയുന്നു. വിവാഹം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് നൽകിയ ഹർജിയിൽ പുരുഷന് ആപേക്ഷിക ബലഹീനതയുണ്ടെന്നും യുവതി പറഞ്ഞു. ലൈംഗിക പ്രശ്നങ്ങൾ ഒന്നും തന്നെ ഇല്ലെങ്കിലും തന്റെ പങ്കാളിയോട് അതിന് സാധിക്കാത്തതിനെയാണ് ആപേക്ഷിക ബലഹീനതയെന്ന് പറയുന്നത്. തനിക്ക് ലൈംഗിക പ്രശ്നങ്ങളൊന്നുമില്ലെങ്കിലും ഭാര്യയുമായി ശാരീരിക ബന്ധത്തിലേര്‍പ്പെടാന്‍ കഴിയില്ലെന്ന് യുവാവ് രേഖാമൂലം നേരത്തെ കോടതിയെ അറിയിച്ചിരുന്നു.
Be the first to comment