മുംബൈ: ഇന്ത്യൻ പ്രീമിയർ ലീഗിൽ മുംബൈ ഇന്ത്യൻസിന് വീണ്ടും തിരിച്ചടി. ലഖ്നൗ സൂപ്പർ ജയന്റ്സിനെതിരായ മത്സരത്തിലെ കുറഞ്ഞ ഓവർ നിരക്കിന് മുംബൈ ഇന്ത്യൻസ് ടീം മുഴുവൻ പിഴയൊടുക്കണം. ക്യാപ്റ്റൻ ഹാർദ്ദിക്ക് പാണ്ഡ്യയ്ക്ക് 24 ലക്ഷം രൂപയാണ് പിഴ വിധിച്ചിരിക്കുന്നത്. ഇംപാക്ട് പ്ലെയർ ഉൾപ്പടെയുള്ള മറ്റ് താരങ്ങൾ ആറ് ലക്ഷം രൂപയോ മാച്ച് ഫീയുടെ 25 ശതമാനമോ പിഴയൊടുക്കണം.
മുമ്പ് പഞ്ചാബ് കിംഗ്സിനെതിരായ മത്സരത്തിലും കുറഞ്ഞ ഓവർ നിരക്ക് മുംബൈ ടീമിന് തിരിച്ചടിയായിരുന്നു. എന്നാൽ അന്ന് ക്യാപ്റ്റൻ ഹാർദ്ദിക്ക് പാണ്ഡ്യയ്ക്ക് മാത്രമാണ് പിഴ ലഭിച്ചത്. 12 ലക്ഷം രൂപയാണ് ഹാര്‍ദ്ദിക്ക് പാണ്ഡ്യ ഒടുക്കേണ്ടി വന്നത്. ഇനിയൊരു മത്സരത്തിൽ കൂടെ കുറഞ്ഞ ഓവർ നിരക്ക് ഉണ്ടായാൽ ഹാർദ്ദിക്ക് പാണ്ഡ്യയ്ക്ക് ഐപിഎൽ മത്സരങ്ങളിൽ നിന്ന് വിലക്ക് ലഭിച്ചേക്കാം. മത്സരത്തിൽ ലഖ്നൗ സൂപ്പർ ജയന്റ്സ് നാല് വിക്കറ്റിന് വിജയിച്ചു. ആദ്യം ബാറ്റ് ചെയ്ത മുംബൈ ഇന്ത്യൻസ് ഏഴ് വിക്കറ്റ് നഷ്ടത്തിൽ 144 റൺസാണ് സ്കോർ ചെയ്തത്. മറുപടി ബാറ്റിംഗിൽ 19.2 ഓവറിൽ ആറ് വിക്കറ്റ് നഷ്ടത്തിൽ ലഖ്നൗ ലക്ഷ്യത്തിലെത്തി.
Be the first to comment