മുനമ്പം ജൂഡീഷ്യൽ കമ്മീഷന്റെ പ്രവർത്തനം താത്കാലികമായി നിർത്തിവെച്ചു

മുനമ്പം ജൂഡീഷ്യൽ കമ്മീഷന്റെ പ്രവർത്തനം താത്കാലികമായി നിർത്തിവെച്ചെന്ന് ജസ്റ്റിസ് സിഎൻ രാമചന്ദ്രൻ അറിയിച്ചു. കമ്മീഷന്റെ പ്രവർത്തനത്തെ ചോദ്യം ചെയ്തുള്ള ഹൈക്കോടതിയിലെ കേസ് തീർപ്പാക്കിയ ശേഷം മാത്രമായിരിക്കും തുടർനടപടികൾ ഉണ്ടാകുകയെന്നും കേസ് പെട്ടെന്ന് തീർപ്പാക്കിയാൽ റിപ്പോർട്ട്‌ വേഗത്തിൽ സമർപ്പിക്കുമെന്നും ജസ്റ്റിസ് സിഎൻ രാമചന്ദ്രൻ വ്യക്തമാക്കി.

കമ്മീഷന്റെ പ്രവർത്തനം നിയമപ്രകാരമാണ്. എൻക്വറി ആക്ട് പ്രകാരം തന്നെയാണ് കമ്മീഷൻ രൂപീകരിച്ചിട്ടുള്ളത്. ഈ അടുത്ത ദിവസമാണ് മുനമ്പം ഭൂമിയുമായി ബന്ധപ്പെട്ടുള്ള പ്രധാനപ്പെട്ട രേഖ കിട്ടിയത്. സർക്കാരിന്റെ വശം സർക്കാർ പറയുമെന്നും തിങ്കളാഴ്ച എല്ലാ രേഖകളും കോടതിയിൽ സമർപ്പിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

വിഷയത്തിൽ സംസ്ഥാന സർക്കാർ അടിയന്തരമായി തീരുമാനം എടുക്കണമെന്നും കൃത്യമായ ഇടപെടൽ ഉണ്ടാകണമെന്നുമാണ് മുനമ്പം ഭൂ സംരക്ഷണ സമിതിയുടെ ആവശ്യം. ഫെബ്രുവരി മാസം അവസാനത്തോടെയാണ് റിപ്പോർട്ട് സമർപ്പിക്കാൻ കമ്മീഷന് നിർദ്ദേശം നൽകിയിരുന്നത്. എന്നാൽ ഇനി ഹൈക്കോടതി തീരുമാനത്തിനു ശേഷമായിരിക്കും മറ്റ് നടപടികൾ ഉണ്ടാകുക.

അതേസമയം, മുനമ്പം ജുഡീഷ്യല്‍ കമ്മീഷന് ജുഡീഷ്യല്‍ അധികാരമോ അര്‍ദ്ധ ജുഡീഷ്യല്‍ അധികാരമോ ഇല്ലെന്ന് സർക്കാരിൻറെ സത്യവാങ്മൂലത്തിൽ വ്യക്തമാക്കിയിരുന്നു. മുനമ്പം വിഷയത്തിൽ തെളിവെടുപ്പ് തുടരവയാണ് സർക്കാരിൻറെ സത്യവാങ്മൂലം. ജുഡീഷ്യല്‍ അന്വേഷണ കമ്മീഷന്‍ മുനമ്പത്ത് നടത്തുന്നത് വസ്തുതാ അന്വേഷണം മാത്രമാണ്. ശുപാര്‍ശകള്‍ നടപ്പാക്കണമെന്ന് നിര്‍ദ്ദേശിക്കാന്‍ ജുഡീഷ്യല്‍ കമ്മിഷന് അധികാരമില്ല. വസ്തുത സര്‍ക്കാരിന് മുന്നിലേക്ക് എത്തിക്കാനാണ് ജുഡീഷ്യല്‍ കമ്മിഷനെ നിയോഗിച്ചതെന്നും സംസ്ഥാന സര്‍ക്കാരിന്റെ സത്യവാങ്മൂലത്തിൽ പറയുന്നു.

മുനമ്പത്ത് ഭൂമി കൈവശം വച്ചവരുടെ താല്‍പര്യ സംരക്ഷണമാണ് കമ്മിഷന്‍ പരിശോധാവിഷയമെന്നും കമ്മീഷന്‍ റിപ്പോര്‍ട്ടിന്മേല്‍ സര്‍ക്കാര്‍ നടപടിയെടുക്കുമ്പോള്‍ മാത്രമാണ് ചോദ്യം ചെയ്യാന്‍ അവകാശമെന്നും സർക്കാർ ചൂണ്ടിക്കാട്ടി. മുനമ്പം ജുഡീഷ്യൽ കമ്മീഷന്‍റെ നിയമസാധുത ചോദ്യം ചെയ്ത് സമർപ്പിച്ച ഹർജിയിലാണ് കഴിഞ്ഞദിവസം സർക്കാ‍ർ സത്യവാങ്മൂലം നൽകിയത്. കാര്യമായ പഠനം നടത്തിയിട്ടാണോ കമ്മീഷനെ നിയോഗിച്ചതെന്ന് സംശയമുണ്ടെന്ന് സിംഗിൾ ബെഞ്ച് കഴിഞ്ഞ ദിവസം പരാമർശിച്ചിരുന്നു.

Be the first to comment

Leave a Reply

Your email address will not be published.


*