വഖഫ് ബില്‍ പാസാക്കിയതുകൊണ്ട് മുനമ്പത്തെ വിഷയം തീരില്ല; അടുത്തത് ചര്‍ച്ച് ബില്ലെന്ന് വിഡി സതീശന്‍

കോഴിക്കോട്: വഖഫ് ബില്ലിന് പിന്നാലെ ചര്‍ച്ച് ബില്ല് വരുമെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. വഖഫ് ബില്ല് പാസാക്കിയതുകൊണ്ട മുനമ്പത്തെ വിഷയം തീരില്ലെന്നും കേരളത്തിലെ ക്രൈസ്തവരെ പ്രീണിപ്പിക്കാനാണ് ബിജെപി ശ്രമിക്കുന്നതെന്നും ആട്ടിന്‍ തോലിട്ട ചെന്നായകളെ ക്രിസ്ത്യന്‍ സമൂഹം തിരിച്ചറിയുമെന്നും വിഡി സതീശന്‍  പറഞ്ഞു.

വഖഫ് ബില്ലിനെ ചിലര്‍ മുനമ്പം വിഷയവുമായി കൂട്ടിക്കെട്ടാന്‍ ശ്രമിക്കുകയാണ്. എന്നാല്‍ ഇതിന് മുനമ്പവുമായി യാതൊരു ബന്ധവും ഇല്ല- സതീശന്‍ പറഞ്ഞു. മുനമ്പം വിഷയം സംസ്ഥാന സര്‍ക്കാരിനും സംസ്ഥാനത്തെ വഖഫ് ബോര്‍ഡിനും പത്തുമിനിറ്റുകൊണ്ട് തീര്‍ക്കാവുന്ന വിഷയമേ ഉളളൂ. കേരളത്തിലെ മുഴുവന്‍ മുസ്ലീം സംഘടനകളും ക്രൈസ്തവ സംഘടനകളും അവിടെയുള്ളവരെ അവിടെ നിന്ന് ഇറക്കിവിടരുതെന്നാണ് അഭ്യര്‍ഥിച്ചത്. അത് സംബന്ധിച്ച് ഒരു തര്‍ക്കവും കേരളത്തിലെ ഒരു രാഷ്ട്രീയ പാര്‍ട്ടിയുടെ ഇടയിലും ഒരു മതസംഘടനകളുടെ ഇടയിലും ഇല്ല. അതിന്റെ മറവില്‍ വഖഫ് ബില്‍ പാസാക്കാനുള്ള ശ്രമം നടത്തി. വഖഫ് ബില്‍ പാസാക്കിയതുകൊണ്ട് മുനമ്പത്തെ വിഷയം തീരുമോ?. ബിജെപി അത് രാഷ്ട്രീയ മുതലെടുപ്പ് നടത്തി ക്രൈസ്തവരെ പ്രീണിപ്പിക്കാന്‍ ശ്രമിക്കുകയാണെന്ന് സതീശന്‍ പറഞ്ഞു.

‘ആര്‍എസ്എസിന്റെ മുഖപത്രമായ ഓര്‍ഗനൈസറില്‍ വന്ന ലേഖനത്തില്‍ പറയുന്നത് സര്‍ക്കാര്‍ കഴിഞ്ഞാല്‍ രാജ്യത്ത് ഏറ്റവും കൂടുതല്‍ ഭൂമി കൈവശം വച്ചിരിക്കുന്നത് കത്തോലിക്ക് ചര്‍ച്ച് ആണെന്നാണ്. 17.29കോടി ഏക്കര്‍ ഭുമിയുടെ ഉടമകളാണെന്നും അത് അനധികൃതമായി ബ്രീട്ടിഷുകാരില്‍ നിന്ന് വാടകയ്ക്ക് എടുത്ത് കൈവശം വച്ചിരിക്കുകയാണെന്നും അത് തിരിച്ചുപിടിക്കണമെന്നുമാണ് ലേഖനത്തില്‍ പറയുന്നത്. ആര്‍എസ്എസിന്റെതല്ലാത്ത അഭിപ്രായം ഓര്‍ഗനൈസറില്‍ വരുമോ?. വഖഫ് ബില്‍ പാസാക്കിയ ദിവസമാണ് ആ ലേഖനം വന്നത്. ക്രൈസ്തവ ദേവലായങ്ങളില്‍ രത്‌നകീരിടവുമായി പോകുന്നതിന്റെയും ഈസ്റ്റര്‍ ദിവസം ക്രൈസ്തവ വീടുകളില്‍ കേക്കുമായി പോകുന്നതിന്റെയും രഹസ്യം മനസിലായല്ലോ?. തൃശൂരില്‍ ജില്ലയില്‍ നിന്നുള്ള വൈദികനാണ് ജബല്‍പൂരില്‍ ക്രൂരമായി മര്‍ദനത്തിന് ഇരയായത്. ക്രൈസ്തവരെ രാജ്യത്തുടനീളം ആക്രമിക്കുകയാണ് അവര്‍ ചെയ്യുന്നത്. എന്നിട്ട് കേരളത്തില്‍ വന്നിട്ട് നിങ്ങള്‍ക്ക് വേണ്ടിയാണ് വഖഫ് ബില്‍ എന്നുപറയുന്നത്. ആട്ടിന്‍ തോലിട്ട ചെന്നായ്ക്കളെ ക്രിസ്ത്യന്‍ സമൂഹം തിരിച്ചറിയും’ – സതീശന്‍ പറഞ്ഞു.

അശ വര്‍ക്കര്‍മാരുടെ സമരവുമായി ബന്ധപ്പെട്ട് ഐഎന്‍ടിയുസി നേതാവ് ചന്ദ്രശേഖരന്റെ നിലപാട് കോണ്‍ഗ്രസ് ഗൗരവമായി പരിശോധിക്കും. അത് പാര്‍ട്ടിയുടെ നിലപാടല്ല. കമ്മീഷന്‍ വച്ച് സമരം അവസാനിപ്പിക്കണമെന്ന നിലപാട് കോണ്‍ഗ്രസിനോ യുഡിഎഫിനോ ഇല്ല. അതിന് വ്യത്യസ്തമായി അഭിപ്രായം പറഞ്ഞാല്‍ അത് പാര്‍ട്ടി പരിശോധിക്കുമെന്ന് സതീശന്‍ പറഞ്ഞു. ഒരു സിനിമയെടുത്തതിന്റെ പേരില്‍ അതിന്റെ സംവിധായകനെയും നിര്‍മാതാവിനെയും കേന്ദ്ര ഏജന്‍സികളെ ഉപയോഗിച്ച് വേട്ടയാടുകയാണ്. കേന്ദ്രസര്‍ക്കാരിനെ വിമര്‍ശിച്ചാല്‍ ദേശവിരദ്ധരാണെന്നാണ് പറയുന്നത്. ഇത് നടപ്പിലാകില്ല, മുനമ്പത്ത് നേരത്തെ ബിജെപിയിലുള്ളവര്‍ തന്നെയാണ് ആ പാര്‍ട്ടിയില്‍ ചേര്‍ന്നതെന്നും അദ്ദേഹം പറഞ്ഞു.

Be the first to comment

Leave a Reply

Your email address will not be published.


*