‘സർക്കാർ പറ്റിച്ചു; ശക്തമായ സമരവുമായി മുന്നോട്ട് പോകും’; മുനമ്പം ജനത

മുനമ്പം ജുഡീഷ്യൽ കമ്മീഷന്റെ നിയമനം റദ്ദാക്കിയ ഹൈക്കോടതി ഉത്തരവിൽ പ്രതികരിച്ച് മുനമ്പം ജനത. കമ്മിഷനെ നിയമിച്ചത് കണ്ണിൽ പൊടിയിടാനെന്നും സർക്കാർ പറ്റിച്ചെന്നും സമരസമിതി. ശക്തമായ സമരവുമായി മുന്നോട്ട് പോകുമെന്ന് സമരസമിതി വ്യക്തമാക്കി. കടലിൽ ഇറങ്ങി സമരം ചെയ്യുമെന്ന് മുനമ്പം ജനത പ്രതികരിച്ചു. ഇനിയും കാലതാമസം ഉണ്ടാക്കരുതെന്നും , സർക്കാരിന്റെ അധികാരം ഉപയോഗിച്ച് ഉടമസ്ഥാവകാശം ഉറപ്പാക്കണമെന്ന് സമരസമിതി ആവശ്യപ്പെട്ടു.

നിയമ സാധുതയില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ഹൈക്കോടതി മുനമ്പം ജുഡീഷ്യൽ കമ്മീഷന്റെ നിയമനം റദ്ദാക്കിയത്. കേരള വഖഫ് സംരക്ഷണ വേദി നല്‍കിയ ഹര്‍ജിയില്‍ ജസ്റ്റിസ് ബെച്ചു കുര്യന്‍ തോമസിൻ്റെ സിംഗിള്‍ ബെഞ്ച് ആണ് വിധി പറഞ്ഞത്. വഖഫ് ട്രൈബ്യൂണലിന് മുന്നിലുള്ള വിഷയത്തില്‍ അന്വേഷണം നടത്താനാവില്ലെന്ന് ഹൈക്കോടതി വ്യക്തമാക്കി. കമ്മിഷനെ നിയോഗിക്കാന്‍ സര്‍ക്കാരിന് അധികാരമുണ്ടെന്നും എന്നാൽ മനസിരുത്തിയല്ല സര്‍ക്കാര്‍ കമ്മിഷനെ നിയോഗിച്ചതെന്നും ഹൈക്കോടതി പറ‍ഞ്ഞു.

വഖഫ് ഭൂമിയില്‍ ജുഡീഷ്യല്‍ അന്വേഷണം നടത്താന്‍ സര്‍ക്കാരിന് കഴിയില്ലെന്നും വഖഫ് അല്ലാത്ത ഭൂമിയില്‍ കമ്മിഷനെ നിയോഗിക്കാന്‍ സര്‍ക്കാരിന് അവകാശമുണ്ടെന്നും ആയിരുന്നു കഴിഞ്ഞ തവണ ഹര്‍ജി പരിഗണിക്കവെ ഹൈക്കോടതിയുടെ നിരീക്ഷണം. മുനമ്പം ജുഡീഷ്യല്‍ കമ്മിഷന് ജുഡീഷ്യല്‍ അധികാരമില്ലെന്ന് സംസ്ഥാന സര്‍ക്കാര്‍ ഹൈക്കോടതിയില്‍ പ്രാഥമിക മറുപടിയും നൽകുകയുണ്ടായിരുന്നു.

Be the first to comment

Leave a Reply

Your email address will not be published.


*