
മുണ്ടക്കൈ- ചുരല്‍മല ഉരുള്‍പൊട്ടല്‍ ദുരന്തബാധിതരുടെ പുനരധിവാസത്തില്‍ എസ്റ്റേറ്റ് ഭൂമി ഏറ്റെടുക്കുന്നതിനുള്ള തടസ്സങ്ങള്‍ മാറി. കോടതി ആവശ്യപ്പെട്ട 17 കോടി രൂപ ട്രഷറി മുഖാന്തിരം അടച്ചെന്ന് റവന്യൂ മന്ത്രി കെ രാജന്‍. വൈകിട്ട് തന്നെ പണം കൈമാറിയെന്നും മന്ത്രി കെ രാജന്‍ പറഞ്ഞു.
കോടതിയിലേക്ക് ആ പണം ഒടുക്കുന്ന നടപടി ഇന്ന് തന്നെ ട്രഷറി അക്കൗണ്ടിലൂടെ ജില്ലാ കലക്ടര്‍ നിര്‍വഹിച്ചു. അതുമായി ബന്ധപ്പെട്ട നടപടിക്രമങ്ങള്‍ പൂര്‍ത്തീകരിച്ചു. കോടതിയിലേക്ക് കൊടുക്കേണ്ട പണം ട്രഷറിയിലേക്ക് ചെക്ക് മുഖാന്തിരം കൈമാറി. കലക്ടര്‍ അടക്കം റവന്യു വകുപ്പിന്റെ ഒരു സംഘം എല്‍സ്റ്റണ്‍ എസ്റ്റേറ്റില്‍ ക്യാംപ് ചെയ്യുകയാണ്. സര്‍വേയര്‍മാര്‍ ഉള്‍പ്പടെ ഇക്കൂട്ടത്തില്‍ ഉണ്ട്. ഏതാനും മണിക്കൂറുകള്‍ക്കുള്ളില്‍ തന്നെ എല്‍സ്റ്റണ്‍ എസ്റ്റേറ്റ് ആധികാരികമായി ടൗണ്‍ഷിപ്പിന് വേണ്ടി ഏറ്റെടുത്തുകൊണ്ടുള്ള ശിലാഫലകം അവിടെ പ്രതിഷ്ഠിച്ച് നടപടികളുമായി മുന്നോട്ട് പോകും – അദ്ദേഹം വ്യക്തമാക്കി.
എല്‍സ്റ്റണ്‍ എസ്റ്റേറ്റിന് 17 കോടി രൂപ കൂടി അധികമായി നല്‍കണമെന്ന് ഹൈകോടതി ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ഡിവിഷന്‍ ബെഞ്ചാണ് ഇടക്കാല ഉത്തരവിട്ടത്. ഏറ്റെടുത്ത ഭൂമിക്ക് പകരമായി 26 കോടി രൂപ നല്‍കാനായിരുന്നു സംസ്ഥാന സര്‍ക്കാര്‍ തീരുമാനം. ടൗണ്‍ഷിപ്പ് നിര്‍മ്മാണത്തിന് ഭൂമി ഏറ്റെടുക്കുന്നതില്‍ നഷ്ടപരിഹാരം സംബന്ധിച്ച് ആക്ഷേപം ഉന്നയിച്ച് എല്‍സ്റ്റണ്‍ എസ്റ്റേറ്റ് സമര്‍പ്പിച്ച ഹര്‍ജിയിലാണ് ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്.
Be the first to comment