ഉരുൾപൊട്ടലിൽ തകർന്ന മുണ്ടക്കൈ- ചൂരൽമല പ്രദേശങ്ങളുടെ പുനരധിവാസത്തിന് കേന്ദ്രസഹായത്തിനായി കേരളം മാസങ്ങളായി കാത്തിരിക്കുകയാണ്. ഏറ്റവും ഒടുവിലത്തെ കേന്ദ്രസർക്കാരിന്റെ പ്രളയ സഹായ പ്രഖ്യാപനത്തിലും കേരളത്തെ തഴഞ്ഞു.
മൂന്ന് സംസ്ഥാനങ്ങൾക്ക് പ്രളയ സഹായധനമായി 675 കോടി രൂപ പ്രഖ്യാപിച്ചെങ്കിലും കേരളത്തെ അവഗണിക്കുകയാണുണ്ടായത്. വയനാട്ടിൽ പ്രധാനമന്ത്രി നേരിട്ടെത്തി ബോധ്യപ്പെടുകയും സംസ്ഥാന സർക്കാർ കൃത്യമായ മെമ്മോറാണ്ടം നൽകിയിട്ടും കേന്ദ്രസഹായം എന്തുകൊണ്ട് ലഭിക്കുന്നില്ല എന്ന കാര്യം അറിയില്ലെന്ന് വയനാട്ടിൽ നിന്നുള്ള മന്ത്രി കൂടിയായ ഒ ആർ കേളു പറഞ്ഞു.
രാഷ്ട്രീയ വിവേചനമെന്ന് ഇപ്പോൾ പറയാറായിട്ടില്ലെന്നും കേന്ദ്ര സഹായത്തിനായി കേരളം കാത്തിരിക്കുകയാണെന്നും മന്ത്രി വ്യക്തമാക്കി. കേന്ദ്ര സഹായം ലഭിക്കാത്തതിനാൽ നിലവിലെ പുനരധിവാസ പ്രവർത്തനങ്ങൾ തടസപ്പെട്ടിട്ടില്ലെന്നും മന്ത്രി വ്യക്തമാക്കി.
ഗുജറാത്തിന് 600 കോടിയും മണിപ്പൂരിന് 50 കോടിയും ത്രിപുരയ്ക്ക് 25 കോടിയുമാണ് പ്രളയ ധനസഹായമായി കേന്ദ്രസർക്കാർ അനുവദിച്ചത്. കേരളം ഉൾപ്പെടുന്ന മറ്റ് സംസ്ഥാനങ്ങൾക്ക് കേന്ദ്ര റിപ്പോർട്ട് പരിഗണിച്ചശേഷം തുക അനുവദിക്കുമെന്നാണ് ആഭ്യന്തര മന്ത്രാലയത്തിൻ്റെ വിശദീകരണം.
Be the first to comment