
മുണ്ടക്കൈ-ചൂരൽമല പുനരധിവാസത്തിനായി എൽസ്റ്റൺ എസ്റ്റേറ്റിന്റെ ഭൂമി ഏറ്റെടുക്കുന്നതിൽ തടസമില്ലെന്ന് ഹൈക്കോടതി. ഇതിനായി 17 കോടി രൂപ ഹൈക്കോടതി രജിസ്ട്രിയിൽ അധികം കെട്ടിവെക്കണമെന്ന് സർക്കാരിനോട് നിർദേശിച്ചു. ഭൂമിയുടെ ന്യായവിലയിൽ മാറ്റം വന്നതിനാൽ ആണ് കൂടുതൽ തുക കെട്ടിവയ്ക്കേണ്ടി വരുന്നത്. മുണ്ടക്കൈ-ചൂരൽമല പുനരധിവാസവുമായി ബന്ധപ്പെട്ട നഷ്ടപരിഹാരതുകയിൽ എൽസ്റ്റൺ എസ്റ്റേറ്റ് സമർപ്പിച്ച ഹർജിയിലാണിപ്പോൾ ഹൈക്കോടതി വിധി വന്നിരിക്കുന്നത്. ഹൈക്കോടതി ചീഫ് ജസ്റ്റിസിന്റെ ബെഞ്ചിന്റേതാണ് ഉത്തരവ്. ഇടക്കാല സംവിധാനമെന്നുള്ള രീതിയിലാണ് കോടതി ഉത്തരവ് പുറപ്പെടുവിച്ചിരിക്കുന്നത്.
തങ്ങൾക്ക് നഷ്ടപരിഹാര തുക നേരിട്ടു ലഭിക്കണമെന്നും അല്ലാത്ത പക്ഷം ഭൂമി ഏറ്റെടുക്കുന്നത് തടയണമെന്നുമായിരുന്നു എൽസ്റ്റണിന്റെ ആവശ്യം. ഒപ്പം 2013ലെ ഭൂമി ഏറ്റെടുക്കൽ നിയമപ്രകാരം വേണം ഭൂമി ഏറ്റെടുക്കാൻ എന്നും ആവശ്യം മുന്നോട്ടുവച്ചിരുന്നു. സർക്കാർ നിശ്ചയിച്ചിട്ടുള്ള 26 കോടി രൂപയുടെ നഷ്ടപരിഹാരം തീരെ കുറവാണെന്നും എൽസ്റ്റൺ അഭിഭാഷകൻ വാദിച്ചു.
നേരത്തെ നിശ്ചയിച്ച 26 കോടി രൂപയ്ക്ക് പുറമേയാണ് 17 കോടി രൂപ കൂടി നൽകേണ്ടത്. എൽസ്റ്റൺ എസ്റ്റേറ്റും ഹാരിസൺസ് കമ്പനിയും നൽകിയ ഹർജി ഫയലിൽ സ്വീകരിച്ചു. സുപ്രീം കോടതിയെ സമീപിക്കുമെന്നും ഹൈക്കോടതി വിധിയെ ചോദ്യം ചെയ്ത് ഹർജി നൽകുമെന്നും എൽസ്റ്റൺ എസ്റ്റേറ്റ് അറിയിച്ചു.
അതേസമയം, 549 കോടി രൂപ നഷ്ടപരിഹാരമായി വേണമെന്നതായിരുന്നു എസ്റ്റേറ്റിന്റെ ആവശ്യം. സർക്കാർ നിശ്ചയിച്ച തുക അപര്യാപ്തമാണെന്നും എസ്റ്റേറ്റ് ഉടമ കോടതിയെ അറിയിച്ചിരുന്നു. സ്ഥലത്തിന്റെ ശരിയായ വിലയല്ല ഉദ്യോഗസ്ഥർ രേഖപ്പെടുത്തിയതെന്നും എസ്റ്റേറ്റ് അധികൃതർ പറഞ്ഞിരുന്നു. എന്നാൽ ഇത്രയധികം രൂപ വളരെ കൂടുതലാണെന്നും ന്യായവില നിർണയവുമായി ബന്ധപ്പെട്ടാണ് തങ്ങൾ പണം നല്കുന്നതെന്നുമാണ് സർക്കാർ അറിയിച്ചിരുന്നത്. ഇതിനായി 26 കോടി രൂപ നേരെത്തെ നീക്കി വെച്ചിരുന്നു. എന്നാൽ ന്യായ വിലയിൽ മാറ്റം വന്നതോടെ ഈ തുക 49 കോടി രൂപയായി മാറിയെന്നും സർക്കാർ കോടതിയെ അറിയിച്ചിരുന്നു.
ഹാരിസന്റെ ഉടമസ്ഥതയിലുള്ള നെടുമ്പാല എസ്റ്റേറ്റിലെ 65.41 ഹെക്ടറും എൽസ്റ്റൺ എസ്റ്റേറ്റിലെ 78.73 ഹെക്ടർ ഭൂമിയുമാണ് പുനരധിവാസ പദ്ധതിക്കായി ഏറ്റെടുക്കാൻ നേരത്തെ തീരുമാനിച്ചിരുന്നത്. എന്നാൽ തൽക്കാലം എൽസ്റ്റൺ എസ്റ്റേറ്റ് മാത്രം ഏറ്റെടുത്താൽ മതി എന്ന് സർക്കാർ പിന്നീട് തീരുമാനമെടുത്തു.
Be the first to comment