വയനാട് മുണ്ടക്കൈ- ചൂരൽമല ഉരുൾപൊട്ടൽ പുനരധിവാസത്തിൽ SDRF അക്കൗണ്ട് നാളെ ഹാജരാകണമെന്ന് ഹൈക്കോടതി ഡിവിഷൻ ബെഞ്ചിന്റെ ഉത്തരവ്. അക്കൗണ്ട് ഓഫീസർ നേരിട്ടാണ് കോടതിയിൽ ഹാജരാക്കേണ്ടത്. കൃത്യമായി വിവരം നാളെത്തന്നെ വേണമെന്നും ജനങ്ങളെ പുനരധിവസിപ്പിക്കുകയാണ് പ്രധാനം അല്ലാതെ ടെക്നിക്കൽ വാക്കുകൾ പറഞ്ഞുകൊണ്ടിരുന്നാൽ പോരെന്നും ഡിവിഷൻ ബെഞ്ച് വിമർശനം ഉന്നയിച്ചു.
ദുരന്തം ഉണ്ടായ സമയത്ത് SDRF ന്റെ അക്കൗണ്ടിൽ എത്ര ഉണ്ടായിരുന്നു. അതിൽ എത്ര രൂപ ഉപയോഗപ്പെടുത്താൻ സംസ്ഥാനത്തിന് കഴിയും, ദുരന്തം ഉണ്ടായി ഇന്നുവരെ ഇടക്കാല ഫണ്ടായി കേന്ദ്രം എത്ര ഫണ്ട് നൽകിയെന്നും ഇനിയെത്ര കൊടുക്കുമെന്ന് കേന്ദ്രവും വ്യക്തമാക്കണം. സംസ്ഥാന ദുരന്ത നിവാരണ ഫണ്ടിലെ നീക്കിയിരുപ്പ് സംസ്ഥാന സർക്കാരും അറിയിക്കണമെന്ന് ഹൈക്കോടതി നിർദ്ദേശം നൽകി.
അതേസമയം, L3 ദുരന്തമായി പ്രഖ്യാപിക്കണം എന്ന കേരളത്തിന്റെ ആവശ്യം കേന്ദ്രം പരിഗണിച്ചില്ലെന്ന് റവന്യൂ മന്ത്രി കെ രാജൻ വാർത്താസമ്മേളനത്തിൽ വ്യക്തമാക്കി. ആഗസ്റ്റ് 17ന് കേരളം നൽകിയ നിവേദനം എവിടെ പോയെന്നും മുഖ്യമന്ത്രി നേരിട്ട് പ്രധാനമന്ത്രിയെ കണ്ടപ്പോൾ വിഷയം പരിഗണിക്കാമെന്നാണ് മറുപടി പറഞ്ഞിരുന്നത്. കേന്ദ്രം ഒന്നും തന്നില്ലെങ്കിലും കേരളം വയനാടിനെ ചേർത്ത് പിടിക്കും ഭരണ പ്രതിപക്ഷ വ്യത്യാസമില്ലാതെ കേരളം ഒരുമിക്കുമെന്നും കെ രാജൻ കൂട്ടിച്ചേർത്തു.
Be the first to comment