
മലപ്പുറം : വയനാട്ടിലെ ഉരുൾപൊട്ടലിൽ മുണ്ടക്കൈയിലെ ജനങ്ങളുടെ പുനരധിവാസത്തിന് ധനസമാഹരണം ആരംഭിച്ച് മുസ്ലിം ലീഗ്. ഇതിനായി ഒരു ആപ്ലിക്കേഷൻ മുസ്ലിം ലീഗ് സംസ്ഥാന അധ്യക്ഷന്‍ സയ്യിദ് സാദിഖലി ശിഹാബ് തങ്ങളും പി കെ കുഞ്ഞാലിക്കുട്ടിയും ചേര്‍ന്ന് പുറത്തിറക്കി. എല്ലാവരും സഹായിക്കണമെന്ന് സാദിഖലി ശിഹാബ് തങ്ങള്‍ അഭ്യര്‍ത്ഥിച്ചു.
‘വയനാട്ടിലെ ഉരുള്‍പൊട്ടല്‍ മനസ് വേദനിപ്പിക്കുന്നതാണ്. വിവിധയിടങ്ങളിലും വയനാട്ടിലും മുസ്‌ലിം ലീഗിന്റെ നേതൃത്വത്തില്‍ ജീവകാരുണ്യ പ്രവര്‍ത്തനം ആരംഭിക്കും. പുനരധിവാസത്തിനായി സമഗ്രമായ പദ്ധതിയാണ് തീരുമാനിച്ചിരിക്കുന്നത്. ഭവന പദ്ധതി, വിദ്യാഭ്യാസം, ചികിത്സ, തൊഴില്‍ തുടങ്ങി സമഗ്രമായ പദ്ധതിയാണ് മുസ്‌ലിം ലീഗിന്റെ പദ്ധതിക്ക് കീഴില്‍ വരുന്നത്. ഇതിന് വലിയ തുക ആവശ്യമാണ്. അതിനാല്‍ എല്ലാവരും ഈ പദ്ധതിക്കൊപ്പം നില്‍ക്കണം,’ സാദിഖലി തങ്ങള്‍ പറഞ്ഞു.
ഓഗസ്റ്റ് രണ്ട് മുതല്‍ 15 വരെയാണ് ധനസമാഹരണം നടത്താന്‍ തീരുമാനിച്ചിരിക്കുന്നത്. ആപ്പ് ലോഞ്ച് ചെയ്തത് മുതല്‍ ആപ്പിന്റെ പ്രവര്‍ത്തനം ആരംഭിക്കും. വയനാടിന്റെ കണ്ണീരൊപ്പാന്‍ എന്നാണ് പദ്ധതിക്ക് പേരിട്ടിരിക്കുന്നതെന്ന് സാദിഖലി തങ്ങള്‍ കൂട്ടിച്ചേര്‍ത്തു. പദ്ധതിയിലേക്കുള്ള ആദ്യ ഫണ്ടായി 50 ലക്ഷം രൂപ തിരുനാവായ സ്വദേശി ബാബുവില്‍ നിന്ന് സ്വീകരിക്കുമെന്നും സാദിഖലി തങ്ങള്‍ പറഞ്ഞു. ഉരുള്‍പൊട്ടല്‍ ഉണ്ടായ ആദ്യദിനം മുതല്‍ വൈറ്റ് ഗാര്‍ഡും യൂത്ത് ലീഗും മുസ്ലിം ലീഗും വയനാട്ടില്‍ ഉണ്ടെന്ന് പി കെ കുഞ്ഞാലിക്കുട്ടിയും പറഞ്ഞു.
Be the first to comment