മുണ്ടക്കൈ-ചൂരല്‍മല പുനരധിവാസം: ബി ലിസ്റ്റ് മാനദണ്ഡങ്ങള്‍ മന്ത്രിസഭക്ക് വിടും

മുണ്ടക്കൈ-ചൂരല്‍മല പുനരധിവാസത്തിലെ ബി ലിസ്റ്റ് മാനദണ്ഡങ്ങള്‍ മന്ത്രിസഭക്ക് വിടും. ബി ലിസ്റ്റ് ഗുണഭോക്തൃ പട്ടികയില്‍ ഉള്‍പ്പെടുന്നതിനുളള മാനദണ്ഡങ്ങള്‍ മന്ത്രിസഭ ചര്‍ച്ച ചെയ്ത് തീരുമാനിക്കും. അടുത്ത മന്ത്രിസഭാ യോഗം വിഷയം പരിഗണിക്കും.

പുനരധിവാസത്തിന് മൂന്ന് ഗുണഭോക്തൃ പട്ടികകളാണ് സര്‍ക്കാര്‍ സജ്ജമാക്കുന്നത്. അതില്‍ രണ്ടെണ്ണം നിലവില്‍ തന്നെ പുറത്തു വന്നു കഴിഞ്ഞു. ഇനി പുറത്ത് വരാനുള്ളത് അപകട മേഖലയില്‍ക്കൂടി അവരവരുടെ വീടുകളിലേക്ക് പോകാന്‍ വഴിയുള്ളവരുടെ പട്ടികയാണ്. അതിനെയാണ് ബി ലിസ്റ്റ് എന്ന് വിളിക്കുന്നത്. ബി ലിസ്റ്റിലുള്ളവരുടെ കാര്യത്തില്‍ എന്തുനടപടി വേണമെന്ന് ആലോചിക്കാനും പഠിക്കാനും ദുരന്ത നിവാരണ അതോറിറ്റി മെമ്പര്‍ സെക്രട്ടറിയെ വയനാട്ടിലേക്ക് അയച്ചിരുന്നു. അതുമായി ബന്ധപ്പെട്ട മാപ്പിംഗും റവന്യു വകുപ്പ് തയാറാക്കിയിട്ടുണ്ട്. ബി ലിസ്റ്റില്‍ ആരെയൊക്കെ ഉള്‍പ്പെടുത്തണം, മാനദണ്ഡങ്ങള്‍ എന്തൊക്കെ എന്നതിനെപ്പറ്റി ജില്ലാ ദുരന്ത നിവാരണ അതോറിറ്റിയും സര്‍ക്കാരിന്റെ അഭിപ്രായം ആരാഞ്ഞിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തിലാണ് തീരുമാനം മന്ത്രിസഭയ്ക്ക് വിടാന്‍ ധാരണയായത്.

അടുത്ത മന്ത്രിസഭാ യോഗം വിഷയം പരിഗണിക്കും. 90 മുതല്‍ 100 കുടുംബങ്ങള്‍ ഈ ലിസ്റ്റില്‍ വരുമെന്നാണ് സര്‍ക്കാരിന്റെ അനുമാനം. ഏറ്റെടുക്കുന്ന എസ്റ്റേറ്റുകളുടെ മൂല്യ നിര്‍ണയം അവസാന ഘട്ടത്തിലാണ്. മൂല്യം കണക്കാക്കി ഈയാഴ്ച തന്നെ റിപ്പോര്‍ട്ട് നല്‍കിയേക്കും.

Be the first to comment

Leave a Reply

Your email address will not be published.


*