തിരുനക്കര ബസ് സ്റ്റാൻഡിൽ കാത്തിരിപ്പ് കേന്ദ്രം നിർമിക്കാൻ നഗരസഭ

കോട്ടയം: കോട്ടയം തിരുനക്കര ബസ് സ്റ്റാൻഡിൽ താൽക്കാലിക കാത്തിരിപ്പു കേന്ദ്രം നിർമിക്കാനുള്ള അജൻഡ ചർച്ച ചെയ്യാൻ നഗരസഭാ കൗൺസിൽ യോഗം ചേരുന്നതിനു മണിക്കൂറുകൾക്കു മുൻപ് ഈ വിഷയം ഉന്നയിച്ച് പ്രതിപക്ഷത്തിന്റെ സമരം. തട്ടിക്കൂട്ട് സമരമെന്നു ആക്ഷേപിച്ചു ഭരണപക്ഷം. എന്നാൽ സമരം ചെയ്തതിനാലാണു തീരുമാനം ഉണ്ടായതെന്നു പ്രതിപക്ഷം ഒരാഴ്ചയ്ക്കുള്ളിൽ ബസ് സ്റ്റാൻഡിൽ സ്പോൺസർ മുഖേന താൽക്കാലിക കാത്തിരിപ്പുകേന്ദ്രം പണിയാൻ കൗൺസിൽ യോഗം തീരുമാനിച്ചു.

4 ലക്ഷം രൂപ ചെലവഴിക്കും. 5 മീറ്റർ നീളത്തിലും 3 മീറ്റർ വീതിയിലും 2 ഷെഡുകൾ നിർമിക്കാനുള്ള എൻജിനീയറിങ് വിഭാഗത്തിന്റെ റിപ്പോർട്ട് തള്ളി, പകരം വലിയ ഒറ്റ ഷെഡ് നിർമിക്കാൻ കൗൺസിൽ നിർദേശിച്ചു.ബസ് സ്റ്റാൻഡ് മൈതാനം വീണ്ടും അളന്നുതിരിക്കാനും റവന്യൂ റിപ്പോർട്ട് ചർച്ച ചെയ്യാനും പ്രത്യേക കൗൺസിൽ ചേരും. ജില്ലാ ലീഗൽ സർവീസസ് അതോറിറ്റി സെക്രട്ടറിയും സബ് ജഡ്ജിയുമായ ജി.പ്രവീൺ കുമാറിന്റെ ഇടപെടലിനെ തുടർന്നാണ് സ്റ്റാൻഡ് വഴി ബസ് സർവീസ് പുനരാരംഭിച്ചത്.

നഗരസഭാ ഉപാധ്യക്ഷൻ ബി.ഗോപകുമാർ, എം.പി.സന്തോഷ് കുമാർ, സാബു മാത്യു, മുഹമ്മദ് ഷെരീഫ്, ടി.സി.റോയി, ജിബി ജോൺ, ജൂലിയസ് ചാക്കോ, പി.ഡി.സുരേഷ്, ജാൻസി ജേക്കബ്, ടി.എൻ.മനോജ്, എൻ.എൻ.വിനോദ്, ടി.ആർ.അനിൽകുമാർ, എബി കുന്നേൽപറമ്പിൽ എന്നിവർ പ്രസംഗിച്ചു.

Be the first to comment

Leave a Reply

Your email address will not be published.


*