
ഇടുക്കി മൂന്നാര്‍ എക്കോ പോയ്ന്റില്‍ ടൂറിസ്റ്റ് ബസ് മറിഞ്ഞുണ്ടായ അപകടത്തില്‍ മരണം മൂന്നായി. ഗുരുതരമായി പരുക്കേറ്റ് തേനി മെഡിക്കല്‍ കോളജിലേക്ക് കൊണ്ടുപോയ വിദ്യാര്‍ത്ഥിയാണ് മരിച്ചത്. നാഗര്‍കോവില്‍ സ്‌കോട്ട് ക്രിസ്ത്യന്‍ കോളേജിലെ ബിഎസ്‌സി കമ്പ്യൂട്ടര്‍ സയന്‍സ് വിദ്യാര്‍ത്ഥികളാണ് മരിച്ചത്.
ആദിക, വേണിക, സുതന്‍ എന്നീ വിദ്യാര്‍ത്ഥികളാണ് മരിച്ചത്. 43 പേരാണ് വാഹനത്തില്‍ ഉണ്ടായിരുന്നത്. രണ്ടുപേര്‍ സംഭവ സ്ഥലത്ത് വെച്ച് തന്നെ മരിച്ചു. 30 പേര്‍ മൂന്നാര്‍ ടാറ്റ ആശുപത്രിയില്‍ ചികിത്സയിലാണ്. ഗുരുതരമായി പരിക്കേറ്റ ഒരാള്‍ തേനി മെഡിക്കല്‍ കോളേജിലും ചികിത്സ തേടി. സംഭവത്തില്‍ ബസ് ഓടിച്ച തമിഴ്‌നാട് സ്വദേശി വിനേഷിനെ പൊലീസ് കസ്റ്റഡിയിലെടുത്തു.
മാട്ടുപ്പെട്ടിയില്‍ നിന്ന് കുണ്ടള ഡാം സന്ദര്‍ശിക്കാന്‍ പോകും വഴിയാണ് അപകടം. മാട്ടുപ്പെട്ടി എക്കോ പോയിന്റിന് സമീപം വാഹനം നിയന്ത്രണം വിട്ട് മറിയുകയായിരുന്നു. ബസില്‍ നിന്ന് തെറിച്ചു വീണ വിദ്യാര്‍ത്ഥികളാണ് മരിച്ചത്. അമിത വേഗതയില്‍ ബസിന്റെ നിയന്ത്രണം നഷ്ടമായി എന്നാണ് പൊലീസിന്റെ നിഗമനം.
Be the first to comment