
തൃശ്ശൂര്‍: പെരുമ്പിലാവില്‍ ലഹരി മാഫിയ സംഘാംഗങ്ങൾ തമ്മിലുണ്ടായ സംഘര്‍ഷത്തിനിടെ യുവാവിനെ വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ മുഖ്യപ്രതി പിടിയില്‍. നിരവധി കേസുകളില്‍ പ്രതിയായ കൂത്തനെന്ന് വിളിക്കുന്ന അക്ഷയെ കൊലപ്പെടുത്തിയ സംഭവത്തിലെ മുഖ്യപ്രതി ലിഷോയ് ആണ് അറസ്റ്റിലായത്. വീടിനടുത്തെ കുറ്റിക്കാട്ടില്‍ ഒളിച്ചിരിക്കവെയാണ് മുഖ്യ പ്രതി ലിഷോയിയെ കുന്നംകുളം പോലീസ് പിടികൂടിയത്. ഇതോടെ കേസില്‍ പിടിയിലായവരുടെ എണ്ണം മൂന്നായി.
പെരുമ്പിലാവ് ആല്‍ത്തറ നാലുസെന്റ് കോളനിയില്‍ വെള്ളിയാഴ്ച രാത്രി എട്ടരയോടെയായിരുന്നു കൊലപാതകം നടന്നത്. സംഭവത്തില്‍ പെരുമ്പിലാവ് സ്വദേശി നിഖില്‍, ആകാശ് എന്നിവര്‍ നേരത്തെ തന്നെ പൊലീസ് കസ്റ്റഡിയില്‍ എടുത്തിരുന്നു. സംഘര്‍ഷത്തില്‍ ഗുരുവായൂര്‍ സ്വദേശി ബാദുഷയ്ക്കും വെട്ടേറ്റിരുന്നു. ഇയാള്‍ ഗുരുതരമായി പരിക്കേറ്റ് ചികിത്സയില്‍ കഴിയുകയാണ്. ലിഷോയ്, ബാദുഷ എന്നിവരാണ് അക്ഷയെ ആക്രമിച്ച് കൊലപ്പെടുത്തിയത്. നിഖിലിനെ രക്ഷപ്പെടാന്‍ സഹായിച്ചയാളാണ് പിടിയിലായ ആകാശ്.
കൊല്ലപ്പെട്ട അക്ഷയ്, ലിഷോയ്, ബാദുഷ എന്നിവര്‍ സുഹൃത്തുക്കളാണ്. ലഹരി കച്ചവടവുമായി ഒന്നിച്ച് പ്രവര്‍ത്തിച്ചിരുന്നവരാണ് മൂന്നുപേരും. ഇതിനിടെ അക്ഷയ് ഗാങ്ങ് മാറിയോ എന്ന സംശയം തര്‍ക്കത്തിനും കൊലപാതത്തിലും കലാശിക്കുകയായിരുന്നു. കടവല്ലൂര്‍ സ്വദേശിയായ അക്ഷയ് മരത്തംകോട് വാടകയ്ക്ക് താമസിച്ച് വരികയായിരുന്നു. ഭാര്യയോടൊപ്പം അക്ഷയ് ലിഷോയിയുടെ വീട്ടിലെത്തിയപ്പോഴാണ് ആക്രമണം ഉണ്ടായത്. അക്ഷയിനെ ആക്രമിക്കുന്നത് കണ്ട ഭാര്യ തൊട്ടടുത്ത വീട്ടിലേക്ക് ഓടിക്കയറിയാണ് രക്ഷപ്പെട്ടത്.
Be the first to comment