റിജിത്ത് വധക്കേസില്‍ ഒമ്പതു പ്രതികള്‍ക്കും ജീവപര്യന്തം; ശിക്ഷാവിധി 19 വര്‍ഷത്തിനു ശേഷം

സിപിഎം കണ്ണപുരം ചുണ്ട ബ്രാഞ്ച് അംഗമായിരുന്ന അലച്ചി ഹൗസില്‍ റിജിത്ത് ശങ്കരനെ (25) കൊലപ്പെടുത്തിയ കേസില്‍ കോടതി കുറ്റക്കാരായി കണ്ടെത്തിയ ഒമ്പതു പ്രതികള്‍ക്കും ജീവപര്യന്തം ശിക്ഷ. തലശ്ശേരി അഡീഷനല്‍ ജില്ല സെഷന്‍സ് കോടതി (മൂന്ന്) ജഡ്ജി റൂബി കെ. ജോസാണ് ശിക്ഷ വിധിച്ചത്. ആര്‍എസ്എസ്- ബിജെപി പ്രവര്‍ത്തകരായ ഒമ്പത് പ്രതികള്‍ കുറ്റക്കാരാണെന്ന് കോടതി കണ്ടെത്തിയിരുന്നു. 10 പ്രതികളുണ്ടായിരുന്ന കേസില്‍ മൂന്നാം പ്രതി കണ്ണപുരം ചുണ്ടയിലെ കൊത്തില താഴെവീട്ടില്‍ അജേഷ് വാഹനാപകടത്തില്‍ മരിച്ചിരുന്നു.

കണ്ണപുരം ചുണ്ട സ്വദേശികളായ വയക്കോടന്‍ വീട്ടില്‍ സുധാകരന്‍ (57), കോത്തിലതാഴെ വീട്ടില്‍ ജയേഷ് (41), ചാങ്കുളത്ത്പറമ്പില്‍ രഞ്ജിത്ത് (44), പുതിയപുരയില്‍ അജീന്ദ്രന്‍ (51), ഇല്ലിക്കവളപ്പില്‍ അനില്‍കുമാര്‍ (52), പുതിയപുരയില്‍ രാജേഷ് (46), കണ്ണപുരം ഇടക്കേപ്പുറം സ്വദേശികളായ വടക്കേവീട്ടില്‍ ശ്രീകാന്ത് (47), സഹോദരന്‍ ശ്രീജിത്ത് (43), തെക്കേവീട്ടില്‍ ഭാസ്‌കരന്‍ (67) എന്നിവര്‍ക്കാണ് ഇപ്പോള്‍ ജീവപര്യന്തം ശിക്ഷ ലഭിച്ചത്. 19 വര്‍ഷത്തിനു ശേഷമാണ് കേസില്‍ ശിക്ഷ വിധിക്കുന്നത്.

ഇന്ത്യന്‍ ശിക്ഷ നിയമത്തിലെ കൊലപാതകം (302), വധശ്രമം (307), അന്യായമായി സംഘംചേരല്‍ (143), സംഘം ചേര്‍ന്ന് ലഹളയുണ്ടാക്കല്‍ (147), തടഞ്ഞുവെക്കല്‍ (341), ആയുധം ഉപയോഗിച്ച് പരിക്കേല്‍പിക്കല്‍ (324) വകുപ്പുകള്‍ പ്രകാരം പ്രതികള്‍ കുറ്റം ചെയ്തതായി കോടതി കണ്ടെത്തിയിരുന്നു. ഒന്ന്, രണ്ട്, നാല്, അഞ്ച്, ആറ്, 10 പ്രതികള്‍ ആയുധവുമായി സംഘം ചേര്‍ന്നതിന് 148, 149 വകുപ്പ് പ്രകാരം കുറ്റക്കാരാണ്.

2005 ഒക്ടോബര്‍ മൂന്നിന് രാത്രി 7.45ന് കണ്ണപുരം ചുണ്ട തച്ചന്‍കണ്ടിയാല്‍ ക്ഷേത്രത്തിനടുത്തുണ്ടായ ആര്‍എസ്എസ് ആക്രമണത്തിലാണ് റിജിത്ത് കൊല്ലപ്പെട്ടത്. ഡിവൈഎഫ്ഐ പ്രവര്‍ത്തകരായ നികേഷ്, വികാസ്, വിമല്‍ എന്നിവര്‍ക്കും പരിക്കേറ്റിരുന്നു. വീട്ടിലേക്ക് നടന്നുപോവുമ്പോഴായിരുന്നു ആക്രമണം. വളപട്ടണം സിഐ ടി പി പ്രേമരാജനാണ് കേസ് അന്വേഷിച്ചത്. 2006 മാര്‍ച്ച് 14ന് കുറ്റപത്രം നല്‍കി. കേസില്‍ 28 സാക്ഷികളെ വിസ്തരിച്ചു. 59 രേഖകളും 50 തൊണ്ടിമുതലുകളും അടയാളപ്പെടുത്തി. പ്രോസിക്യൂഷനു വേണ്ടി സ്പെഷല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ ബി പി ശശീന്ദ്രന്‍ ആണ് ഹാജരായത്.

Be the first to comment

Leave a Reply

Your email address will not be published.


*