
സിപിഎം കൊയിലാണ്ടി ടൗൺ സെൻട്രൽ ലോക്കൽ സെക്രട്ടറി പുളിയോറ വയലിൽ പി വി സത്യനാഥനെ വെട്ടിക്കൊന്ന കേസിലെ പ്രതി പെരുവട്ടൂർ സ്വദേശി അഭിലാഷ് പോലീസിൽ കീഴടങ്ങി. വ്യക്തിപരമായ കാരണങ്ങളാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പോലീസ് നൽകുന്ന സൂചന. പെരുവട്ടൂർ ചെറിയപുരം ക്ഷേത്രത്തിൽ തിറ ഉത്സവത്തിന്റെ ഭാഗമായി നടന്ന ഗാനമേളയ്‌ക്കിടെയായിരുന്നു സംഭവം.
കൊലപാതകത്തിൽ പ്രതിഷേധിച്ച് സിപിഎം ഇന്ന് കൊടുങ്ങല്ലൂർ താലൂക്കിൽ ഹർത്താൽ പ്രഖ്യാപിച്ചിട്ടുണ്ട്. ഉത്സവപ്പറമ്പിൽ ഗാനമേള നടക്കവെ ക്ഷേത്ര ഓഫിസിന് സമീപം നിൽക്കുകയായിരുന്ന സത്യനാഥനെ മഴു ഉപയോഗിച്ച് വെട്ടുകയായിരുന്നു. കഴുത്തിലും പുറത്തുമായി നാലുവെട്ടേറ്റ സത്യനാഥനെ ഉടൻ താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. വ്യാഴാഴ്ച രാത്രി പത്തരയോടെയായിരുന്നു ആക്രമണമുണ്ടായത്.
മൃതദേഹം നിലവില്‍ കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് മാറ്റിയിട്ടുണ്ട്. കൊലപാതകമുണ്ടായി മണിക്കൂറുകൾക്കകം സംഭവസ്ഥലത്തെത്തിയ പി മോഹനൻ ഉൾപ്പെടെയുള്ള സിപിഎം നേതാക്കൾ സംഭവം രാഷ്ട്രീയ കൊലപാതകമല്ലെന്ന് അറിയിച്ചിരുന്നു. പ്രതിയായ അഭിലാഷ് മുൻ ബ്രാഞ്ച് കമ്മിറ്റി അംഗവും ഡ്രൈവറുമായിരുന്നു. ലതികയാണ് ഭാര്യ. സലിൽ നാഥ്, സെലീന എന്നിവര്‍ മക്കളാണ്.
Be the first to comment