യുവതിയുടെ കൊലപാതകം; പ്രണയം നിരസിച്ചതിലുള്ള പകയെന്ന് പ്രതിയുടെ മൊഴി

കോട്ടയം: മൂവാറ്റുപുഴ ജനറല്‍ ആശുപത്രിയില്‍ വെച്ച് യുവതിയെ കുത്തിക്കൊലപ്പെടുത്തിയതിന് കാരണം പ്രണയം നിരസിച്ചതിലുള്ള പകയെന്ന് പ്രതിയുടെ മൊഴി. കോട്ടയം മെഡിക്കല്‍ കോളേജില്‍ നിന്നും ഡിസ്ചാര്‍ജ്ജ് ചെയ്ത ശേഷമാണ് ഷാഹുൽ അലിയെ അറസ്റ്റ് ചെയ്തത്. കുറ്റകൃത്യം സംഭവിച്ച ആശുപത്രിയിലും കത്തിവാങ്ങിയ കടയിലുമെത്തിച്ച് തെളിവെടുത്തശേഷം പോലീസ് പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാന്‍റു ചെയ്തു.

ഷാഹുല്‍ അലി പലതവണ കൊല്ലപ്പെട്ട സിംനയോട് പ്രണയാഭ്യർത്ഥന നടത്തിയിരുന്നു. എന്നാൽ യുവതി അതെല്ലാം നിരസിച്ചു. പിന്നീട് യുവതിക്ക് മറ്റാരുമായോ ബന്ധമുണ്ടെന്ന സംശയമുണ്ടായതിനെ തുടർന്നാണ് യുവതിയെ കുത്തി കൊലപ്പെടുത്തിയതെന്നാണ് അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് ഇയാൾ നല്‍കിയ മൊഴി. ഞായറാഴ്ച്ച സിംനയുടെ നീക്കങ്ങള്‍ നിരീക്ഷിച്ചിരുന്നു. സിംന ആശുപത്രിയിലെത്തിയെന്ന് ഉറപ്പായതോടെയാണ് കൊലപ്പെടുത്താന്‍ തീരുമാനിച്ചതെന്നും പ്രതി മൊഴി നല്‍കിയിട്ടുണ്ട്. കൊലപ്പെടുത്തിയതെങ്ങനെയെന്നും രക്ഷപ്പെട്ട രീതിയുമൊക്കെ ആശുപത്രിയിലെത്തിച്ച് തെളിവെടുത്തപ്പോള്‍ ഷാഹുൽ അലി പോലീസിനോട് വിവരിച്ചിട്ടുണ്ട്.

സിംനയെ കുത്താനുപയോഗിച്ച കത്തി വാങ്ങിയ കടയിലും വാഹനം പാര്‍ക്കുചെയ്ത സ്ഥലത്തുമെല്ലാം പ്രതിയെ എത്തിച്ച് പോലീസ് തെളിവെടുത്തു. ഇക്കഴിഞ്ഞ മാർച്ച് 31ന് ആണ് മൂവാറ്റുപുഴ ജനറൽ ആശുപത്രിയിൽ വെച്ച് സിംനയെ ഷാഹുൽ അലി കുത്തിക്കൊലപ്പെടുത്തിയത്. സ്ത്രീകളുടെയും കുട്ടികളുടെയും പുതിയ വാർഡ് കെട്ടിടത്തിൽ വെച്ചാണ് ആക്രമണമുണ്ടായത്. സിംനയും ഷാഹുലും നേരത്തെ സുഹൃത്തുക്കളായിരുന്നു.

Be the first to comment

Leave a Reply

Your email address will not be published.


*