തിരുവനന്തപുരത്ത് മ്യൂറിന്‍ ടൈഫസ് സ്ഥിരീകരിച്ചു; വിദേശത്തു നിന്നെത്തിയ 75-കാരന്‍ ചികിത്സയില്‍

തിരുവനന്തപുരം: തിരുവനന്തപുരത്ത് ചെള്ള് പനിക്ക് സമാനമായ ബാക്‌ടീരിയല്‍ രോഗമായ മ്യൂറിന്‍ ടൈഫസ് സ്ഥിരീകരിച്ചു. വിദേശത്ത് നിന്ന് നാട്ടിലെത്തിയ 75 -കാരനാണ് പ്രത്യേകതരം ചെള്ളിലൂടെ പകരുന്ന രോഗം സ്ഥിരീകരിച്ചത്. കഴിഞ്ഞ മാസം എട്ടിനായിരുന്നു കടുത്ത ശരീര വേദനയും തളര്‍ച്ചയും വിശപ്പില്ലായ്‌മയും കാരണം ഇയാള്‍ ആശുപത്രിയില്‍ ചികിത്സ തേടിയത്.

തുടര്‍ന്ന് പരിശോധന നടത്തിയപ്പോഴാണ് കരളിന്‍റെയും കിഡ്‌നിയുടെയും പ്രവര്‍ത്തനം തകരാറിലായതായി കണ്ടെത്തിയത്. കേരളത്തില്‍ ചെള്ള് പനിയുടെ പരിശോധന നടത്തിയെങ്കിലും ഫലങ്ങള്‍ നെഗറ്റീവായി. പിന്നാലെ തമിഴ്‌നാട്ടിലെ വെല്ലൂരിലെ സിഎംസി ആശുപത്രിയില്‍ ചികിത്സിക്കുകയും മ്യൂറിന്‍ ടൈഫസ് സ്ഥിരീകരിക്കുകയുമായിരുന്നു.

ഇയാളുടെ ആരോഗ്യസ്ഥിതി മെച്ചപ്പെട്ടതായാണ് ആരോഗ്യ ഡയറക്‌ടറേറ്റ് അറിയിക്കുന്നത്. ഫോര്‍ട്ട് എസ്‌പി ആശുപത്രിയിലെ അത്യാഹിത പരിചരണ സംഘമാണ് നിലവില്‍ ചികിത്സ നല്‍കി വരുന്നത്. പ്രത്യേക തരം ചെള്ളിലൂടെ പകരുന്ന മ്യൂറിന്‍ ടൈഫസ് എന്ന ബാക്‌ടീരിയല്‍ രോഗം മനുഷ്യനില്‍ നിന്ന് മനുഷ്യനിലേക്ക് പകരില്ല. നിലവില്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നാണ് ആരോഗ്യ വകുപ്പ് അറിയിക്കുന്നത്.

 

Be the first to comment

Leave a Reply

Your email address will not be published.


*