മ്യൂസിയത്തിലെ ലൈംഗികാതിക്രമം: പ്രതി സന്തോഷിനെ പിരിച്ചുവിട്ടു

തിരുവനന്തപുരം: മ്യൂസിയം പരിസരത്തെ ലൈംഗികാതിക്രമക്കേസ് പ്രതി സന്തോഷിനെ പിരിച്ചുവിട്ടു. ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്റെ പിഎയുടെ ഡ്രൈവറായിരുന്നു സന്തോഷ്. ഇന്ന് രാവിലെയാണ് പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തിയത്. പരാതിക്കാരിയായ യുവതി തിരിച്ചറിയല്‍ പരേഡില്‍ പ്രതിയെ തിരിച്ചറിഞ്ഞിരുന്നു. കുറവന്‍കോണത്തെ വീട് ആക്രമിച്ച കേസിലേയും പ്രതി സന്തോഷ് തന്നെയാണ്. 

സിസിടിവി കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് രണ്ട് കേസിലും പ്രതി ഒരാളാണെന്ന നിഗമനത്തില്‍ പോലീസ് എത്തിയത്. സ്റ്റേറ്റ് കാര്‍ ദുരുപയോഗം ചെയ്താണ് പ്രതി ആക്രമണം നടത്താനെത്തിയത്. കാറിന്റെ ബോര്‍ഡ് മറച്ചായിരുന്നു പ്രതിയുടെ സഞ്ചാരം. കഴിഞ്ഞ ബുധനാഴ്ചയാണ് സ്ത്രീയ്ക്ക് നേരെ മ്യൂസിയം പരിസരത്ത് വെച്ച് ലൈംഗികാതിക്രമം ഉണ്ടായത്. പുലര്‍ച്ചെ കാറിലെത്തിയ ഒരാളാണ് തന്നെ അക്രമിച്ചതെന്ന് യുവതി മൊഴി നല്‍കിയിരുന്നു. എല്‍എംഎസ് ജംഗ്ഷനില്‍ വാഹനം നിര്‍ത്തിയ ശേഷമാണ് നടന്ന് വന്ന് യുവതിയെ പ്രതി ആക്രമിച്ചത്. ഇതിന് ശേഷം മ്യൂസിയം ഗേറ്റ് ചാടിക്കടന്ന് രക്ഷപെടുകയും ചെയ്തു. 

ഏജന്‍സി നല്‍കിയ കരാര്‍ ജീവനക്കാരനാണ് അറസ്റ്റിലായ മലയിന്‍കീഴ് സ്വദേശി സന്തോഷ് എന്നാണ് മന്ത്രി റോഷി അഗസ്റ്റില്‍ നല്‍കുന്ന വിശദീകരണം. വിഷയം അറിഞ്ഞപ്പോള്‍ തന്നെ പിഎസുമായി സംസാരിച്ചുവെന്നും ഇയാളെ അടിയന്തരമായി ഒഴിവാക്കാന്‍ നിര്‍ദ്ദേശിച്ചെന്നും റോഷി അഗസ്റ്റിന്‍ മാധ്യമങ്ങളോട് പ്രതികരിച്ചിരുന്നു. 

Be the first to comment

Leave a Reply

Your email address will not be published.


*