
ലോകസഭാ തെരഞ്ഞെടുപ്പിൽ മൂന്നാമത്തെ സീറ്റെന്ന മുസ്ലിം ലീഗ് ആവശ്യത്തിൽ ബുദ്ധിമുട്ട് അറിയിച്ച് കോൺഗ്രസ്. ലോക്സഭാ സീറ്റ് നൽകാനാകില്ലെന്ന് അറിയിച്ച കോൺഗ്രസ് രാജ്യസഭാ സീറ്റ് എന്ന നിർദ്ദേശം ഇന്ന് നടന്ന ഉഭയകക്ഷി യോഗത്തിൽ മുന്നോട്ട് വെച്ചു. നിർദ്ദേശത്തിൽ ആലോചിച്ച് മറുപടി പറയാമെന്ന് ലീഗും മറുപടി നൽകി.
27 ലെ ലീഗ് യോഗം കോൺഗ്രസ് നിർദ്ദേശം ചർച്ച ചെയ്യും. രാജ്യസഭാ സീറ്റ് നിർദ്ദേശം ലീഗിന് മുന്നിൽ വെച്ച കാര്യം കോൺഗ്രസ് സംസ്ഥാന നേതൃത്വം എഐസിസിയെയും അറിയിക്കും.
ലോക്‌സഭാ തിരഞ്ഞെടുപ്പിൽ മുന്നാം സീറ്റ് സംബന്ധിച്ച് കോൺഗ്രസുമായി നടത്തിയ ചർച്ച തൃപ്തികരമെന്ന് മുസ്‌ലിം ലീഗ് ദേശീയ ജനറൽ സെക്രട്ടറി പികെ കുഞ്ഞാലികുട്ടി പ്രതികരിച്ചു. ചർച്ചയുടെ വിശദവിവരങ്ങൾ ഇപ്പോൾ പറയുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.
പാണക്കാട് തങ്ങൾ സ്ഥലത്തില്ല. 27-ാം തീയതി പാണക്കാട്ട് വെച്ച് ലീഗിന്റെ യോഗം വിളിച്ചുചേർത്തിട്ടുണ്ട്. ഈ യോഗത്തിൽ കാര്യങ്ങൾ വിലയിരുത്തിയ ശേഷം അന്തിമ വിവരങ്ങൾ പ്രഖ്യാപിക്കുമെന്നും കുഞ്ഞാലികുട്ടി പറഞ്ഞു.
Be the first to comment