രണ്ടുസീറ്റിൽ മത്സരിക്കുന്നത് സാധാരണ കാര്യം, ഇൻഡ്യ മുന്നണിയുടെ സാധ്യത വർധിപ്പിക്കും: കുഞ്ഞാലിക്കുട്ടി

മലപ്പുറം: കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി റായ്ബറേലിയിൽ മത്സരിക്കുന്നതിൽ പ്രതികരണവുമായി മുസ്ലിം ലീഗ് നേതാവ് പി കെ കുഞ്ഞാലിക്കുട്ടി. രണ്ട് സീറ്റിൽ മത്സരിക്കുന്നത് സാധാരണ കാര്യമാണെന്നും കഴിഞ്ഞ തവണ പ്രധാനമന്ത്രിയും രണ്ട് സീറ്റിൽ മത്സരിച്ചിരുന്നെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു. റായ്ബറേലിയിലെ മത്സരം ഇൻഡ്യ മുന്നണിയുടെ സാധ്യതകൾ വർധിപ്പിക്കും. രാഹുൽ മത്സരിക്കണം എന്ന ആവശ്യം ലീഗും മുന്നോട്ട് വെച്ചു. ഇതുസംബന്ധിച്ച് കെ സി വേണുഗോപാലുമായി സംസാരിച്ചിരുന്നു.

ഭൂരിപക്ഷം തികയ്ക്കില്ല എന്ന സംശയം ബിജെപിക്ക് നല്ലപോലെയുണ്ട്. മത്സരിക്കുന്ന വിവരം മറച്ചുവെച്ച് വയനാടിനെ വഞ്ചിച്ചു എന്നത് അടിസ്ഥാന രഹിതമായ ആരോപണമാണെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു. ഓരോ ഘട്ടത്തിലാണ് സ്ഥാനാർഥിയെ പ്രഖ്യാപിക്കുക. ഇൻഡ്യ മുന്നണിയുടെ സാധ്യത വർദ്ധിപ്പിക്കുന്ന തീരുമാനമാണ്. ഇടതുപക്ഷം ഇതിനെ സ്വാഗതം ചെയ്യുകയാണ് വേണ്ടത്. അവർക്കും ഇൻഡ്യ മുന്നണിയുടെ സാധ്യതകൾ വർധിക്കുകയാണ് വേണ്ടതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Be the first to comment

Leave a Reply

Your email address will not be published.


*