പൗരത്വ ഭേദഗതി നിയമത്തിനെതിരെ സംയുക്ത പ്രക്ഷോഭത്തിനൊരുങ്ങി മുസ്‌ലിം ലീഗ്

കോഴിക്കോട്: പൗരത്വ ഭേദഗതി നിയമത്തിനെതിരെ സംയുക്ത പ്രക്ഷോഭത്തിനൊരുങ്ങി മുസ്‌ലിം ലീഗ്. പൗരത്വബില്ലിനെതിരായി സിപിഐഎം കോഴിക്കോട് സംഘടിപ്പിക്കുന്ന ബഹുജനറാലിയിൽ പങ്കെടുക്കുമെന്ന് ഇ ടി മുഹമ്മദ് ബഷീർ സൂചന നൽകി. പൗരത്വബില്ലിന്റെ കാര്യത്തിൽ എല്ലാവരും അണിനിരക്കണമെന്ന് ഇ ടി മുഹമ്മദ് ബഷീർ പറഞ്ഞു. രാഷ്ട്രീയം ഇല്ലാത്തവരും കഴിഞ്ഞ തവണ അണിനിരന്നു. സ്വാതന്ത്ര്യ സമരത്തിനു ശേഷം വിദ്യാർത്ഥികൾ ഏറ്റവും അധികം പങ്കെടുത്തത് പൗരത്വബില്ലിനെതിരായ പ്രക്ഷോഭത്തിലാണ്. കക്ഷിരാഷ്ട്രീയമില്ലാത്ത മൂവ്മെന്റാണ് വേണ്ടത്. ഇന്ത്യയെ ബാധിക്കുന്ന മൗലികമായ പ്രശ്നമാണ് ഇത്. മതത്തിന്റെ അടിസ്ഥാനത്തിൽ പൗരത്വം കൊടുക്കരുത്. അത് ഭരണഘടനാ വിരുദ്ധമാണെന്നും ഇ ടി മുഹമ്മദ് ബഷീർ പറഞ്ഞു.

അതേസമയം, പൗരത്വഭേ​ദ​ഗതി നിയമം ചോദ്യം ചെയ്തുള്ള ഒരുകൂട്ടം ഹര്‍ജികള്‍ സുപ്രീം കോടതി ഇന്ന് പരിഗണിക്കും. ഹര്‍ജികളിന്മേല്‍ വാദം കേള്‍ക്കുന്നതും ചട്ടങ്ങള്‍ സ്‌റ്റേ ചെയ്യുന്നതും ഉള്‍പ്പടെയുള്ള സുപ്രധാന ഇടക്കാല തീരുമാനം ഉണ്ടാകുമോയെന്നാണ് രാജ്യം കാത്തിരിക്കുന്നത്. ചീഫ് ജസ്റ്റിസ് ഡോ. ഡിവൈ ചന്ദ്രചൂഡ് അധ്യക്ഷനായ മൂന്നംഗ ബെഞ്ചാണ് ഹര്‍ജികള്‍ പരിഗണിക്കുന്നത്. കേന്ദ്ര സര്‍ക്കാര്‍ വിജ്ഞാപനം ചെയ്ത പൗരത്വ ഭേദഗതി ചട്ടങ്ങള്‍ അടിയന്തരമായി സ്റ്റേ ചെയ്യണമെന്നാണ് ഹര്‍ജിക്കാരുടെ ആവശ്യം. പൗരത്വ ഭേദഗതി നിയമം ഭരണഘടനാ വിരുദ്ധമായി പ്രഖ്യാപിക്കണമെന്നും ഹര്‍ജിക്കാര്‍ ആവശ്യപ്പെടുന്നു. ഭരണഘടന ഉറപ്പുനല്‍കുന്ന തുല്യതയ്ക്ക് വിരുദ്ധമാണ് പൗരത്വ നിയമം. മുസ്ലിങ്ങളോടുള്ള വിവേചനമാണ് നിയമത്തിന്റെ ലക്ഷ്യമെന്നും നിയമം മതേതര തത്വങ്ങള്‍ക്ക് വിരുദ്ധമാണ് എന്നുമാണ് ഹര്‍ജിക്കാരുടെ വാദം.

കേരളം, രാജസ്ഥാന്‍ സംസ്ഥാന സര്‍ക്കാരുകളും മുസ്ലിംലീഗ്, സിപിഐ ഉള്‍പ്പടെയുള്ള രാഷ്ട്രീയ പാര്‍ട്ടികളുമാണ് പ്രധാന ഹര്‍ജിക്കാര്‍. ഡിവൈഎഫ്‌ഐ, എസ്എഫ്‌ഐ എന്നീ ഇടത് സംഘടനകള്‍ക്കൊപ്പം കോണ്‍ഗ്രസ് നേതാക്കളായ രമേശ് ചെന്നിത്തല, ടിഎന്‍ പ്രതാപന്‍ തുടങ്ങിയവരും ഹര്‍ജിക്കാരാണ്. രാജ്യമെമ്പാടു നിന്നും വിദേശത്തുനിന്നുമുള്ള മുസ്ലിം സംഘടനകള്‍ ഉള്‍പ്പടെ നല്‍കിയ 237 ഹര്‍ജികള്‍ സുപ്രീം കോടതിയുടെ പരിഗണനയിലുണ്ട്.

Be the first to comment

Leave a Reply

Your email address will not be published.


*