പ്രകാശ് ജാവദേക്കറെ ജയരാജന്‍ കണ്ടത് മുഖ്യമന്ത്രിയുടെ നിര്‍ദേശപ്രകാരം; പി എം എ സലാം

മലപ്പുറം: എൽഡിഎഫ് കൺവീനർ ഇ പി ജയരാജന്‍ പ്രകാശ് ജാവദേക്കറെ കണ്ടത് മുഖ്യമന്ത്രിയുടെ നിര്‍ദേശപ്രകാരമാണെന്ന് മുസ്‌ലീം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി എം എ സലാം. പ്രകാശ് ജാവദേക്കര്‍ മുഖ്യമന്ത്രിയെയും കണ്ടു. ഒരു അധികാരസ്ഥാനത്തും ഇല്ലാത്ത ജാവദേക്കറെ മുഖ്യമന്ത്രി എന്തിനാണ് കണ്ടത്. ജയരാജനെ ബലിയാടക്കി മറ്റുള്ളവര്‍ക്ക് രക്ഷപ്പെടാനാണ് ശ്രമം.

സിപിഐഎമ്മും ബിജെപിയും തമ്മില്‍ അന്തര്‍ധാരയുണ്ടെന്ന് നേരത്തെ തന്നെ മുസ്ലിം ലീഗ് പറഞ്ഞതാണ്. ജാവദേക്കറും ഇപിയും തമ്മില്‍ ഉള്ള ചര്‍ച്ചയെ മുഖ്യമന്ത്രി തള്ളി പറഞ്ഞില്ല. ദല്ലാള്‍ നന്ദകുമാറുമായുള്ള ചര്‍ച്ചയെ ആണ് മുഖ്യമന്ത്രി തള്ളി പറഞ്ഞത്. ബിജെപിയും സിപിഐഎമ്മും തമ്മില്‍ തിരഞ്ഞെടുപ്പില്‍ അഡ്ജസ്റ്റ്മന്റുണ്ട്.

മുഖ്യമന്ത്രി അറിയാതെ ജയരാജന്‍ ഇത്തരം ഒരു ചര്‍ച്ച നടത്തുമെന്ന് ആരെങ്കിലും കരുതുന്നുണ്ടോ? ലാവ്ലിന്‍ കേസ് ഉള്‍പ്പെടെയുള്ള കാര്യങ്ങളിലും ധാരണയുണ്ട്. തൃശ്ശൂരും തിരുവനന്തപുരത്തും ബിജെപി, സിപിഐഎം ധാരണയുണ്ട്. ബിജെപിയിലേക്ക് പോകുന്നവര്‍ക്കെതിരെ നടപടിയെടുക്കാനാണ് തീരുമാനമെങ്കില്‍ സിപിഐഎമ്മില്‍ കൂട്ട നടപടി വേണ്ടിവരുമെന്നും പി എം എ സലാം പറഞ്ഞു.

Be the first to comment

Leave a Reply

Your email address will not be published.


*