മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയെ ചൊല്ലി കോണ്‍ഗ്രസില്‍ ഭിന്നത തുടരുന്നതിനിടെ രമേശ് ചെന്നിത്തലയെ പിന്തുണക്കാന്‍ മുസ്ലിം ലീഗ് നീക്കം. പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍ പ്രസിഡന്റായ പട്ടിക്കാട് ജാമിഅ നൂരിയ സമ്മേളനത്തിലേക്ക് രമേശ് ചെന്നിത്തലക്ക് ക്ഷണം . കാന്തപുരം എ പി വിഭാഗവുമായി അടുക്കാനുള്ള ശ്രമം മുസ്ലിം ലീഗ് സജീവമാക്കി.
എട്ട് വര്‍ഷത്തെ ഭിന്നതക്ക് വിരാമമിട്ട് രമേശ് ചെന്നിത്തലയെ മന്നം ജയന്തിക്ക് എന്‍എസ്എസ് ക്ഷണിച്ചിരുന്നു. രമേശ് ചെന്നിത്തലയെ പിന്തുണച്ചും വി ഡി സതീശനെ വിമര്‍ശിച്ചും എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനും രംഗത്തെത്തിയിരുന്നു. ഇനി ഈഴം മുസ്ലിം ലീഗിന്റേതാണ്. സമസ്തയുടെ സ്ഥാപനമാണ് ജാമിയ നൂരിയയെങ്കിലും നിയന്ത്രണം മുസ്ലിം ലീഗിനാണ്. നാലാം തീയതിയാണ് രമേശ് ചെന്നിത്തല പങ്കെടുക്കുന്ന പരിപാടി. രമേശ് ചെന്നിത്തലയെ ക്ഷണിച്ചതിലൂടെ കൃത്യമായ സന്ദേശമാണ് ലീഗ് നേതൃത്വം നല്‍കുന്നതെന്നാണ് രാഷ്ട്രീയ നിരീക്ഷകരുടെ വിലയിരുത്തല്‍.
സമീപകാലത്തായി പ്രതിപക്ഷ നേതാവ് വി ഡി സതീശനും ലീഗ് നേതൃത്വവുമായുള്ള ബന്ധം അത്ര സുഗമമല്ല .മുനമ്പം വിഷയത്തോടെ ഭിന്നത ശക്തമായി. ഇതിനിടെ കാന്തപുരം എ പി വിഭാഗവുമായി അടുക്കാനുള്ള ശ്രമം ലീഗ് നേതൃത്വം ഊര്‍ജിതമാക്കി. സമസ്തയിലെ ഭിന്നിപ്പിനെ തുടര്‍ന്ന് ഇ കെ വിഭാഗത്തിന്റെ സമ്മര്‍ദത്താല്‍ എപി വിഭാഗം പരിപാടികളില്‍ നിന്ന് ലീഗ് നേതൃത്വം വിട്ടു നില്‍ക്കുകയായിരുന്നു പതിവ്. സമസ്തയില്‍ ലീഗ് വിരുദ്ധ ചേരി രൂപപ്പെട്ടതോടെയാണ് എ പി വിഭാഗവുമായി അടുക്കുന്നത്. തൃശൂര്‍ ആമ്പല്ലൂരില്‍ നടന്ന ടഥട പരിപാടിയില്‍ പി കെ കുഞ്ഞാലിക്കുട്ടി പങ്കെടുത്തു. ഇ ത്തവണ സമസ്തയില്‍ നിന്ന് എതിര്‍പ്പുയര്‍ന്നില്ല. അതിനിടെ വിവാദ വിഷയങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ സമസ്ത മുഷാവറ ഈ മാസം 7ന് ചേരും.
Be the first to comment