സിപിഎമ്മിന്റെ പലസ്തീൻ ഐക്യ ദാർഢ്യ റാലിയിൽ മുസ്ലിം ലീഗ് പങ്കെടുക്കില്ല. റാലിയിൽ പങ്കെടുക്കുന്നത് യു ഡിഎഫിൽ ആശയക്കുഴപ്പം ഉണ്ടാക്കുമെന്ന വിലയിരുത്തലിനെ തുടർന്നാണ് തീരുമാനം. സിപിഎം ക്ഷണം ലഭിച്ചിട്ടുണ്ടെന്നും ”എല്ലാവരും പലസ്തീനൊപ്പം നിൽക്കുന്നതിൽ സന്തോഷമുണ്ടെന്നും മുസ്ലിം ലീഗ് നേതാവ് പികെ കുഞ്ഞാലികുട്ടി പറഞ്ഞു. എന്നാൽ യുഡിഎഫിനൊപ്പം നിൽക്കുന്ന കക്ഷി എന്ന നിലയ്ക്ക് ഇപ്പോൾ റാലിയിൽ പങ്കെടുക്കാൻ കഴിയില്ല. അതിൽ വേറെ കുറ്റം കാണേണ്ടതില്ല”- മുസ്ലീം ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പികെ കുഞ്ഞാലിക്കുട്ടി പറഞ്ഞു.
യുഡിഎഫിലെ ഒരു കക്ഷി എന്ന നിലയിൽ ലീഗിന് സിപിഎം പരിപാടിയിൽ സാങ്കേതികമായി പങ്കെടുക്കാനാവില്ല. എന്നാൽ പരിപാടി സംഘടിപ്പിക്കുന്നതു നല്ലതാണ്, ലീഗ് അതിനെ സ്വാഗതം ചെയ്യുന്നു. ആ അർഥത്തിൽ തന്നെയാണ് ഇടി മുഹമ്മദ് ബഷീർ കഴിഞ്ഞ ദിവസം പ്രതികരിച്ചതെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.
”പലസ്തീൻ വിഷയത്തിൽ ലീഗിന് കൃത്യമായ സ്റ്റാൻഡ് ഉണ്ട്. ആദ്യം മുതൽ തന്നെ ലീഗ് അത് വ്യക്തമാക്കിയതാണ്. ഇത്രയും വലിയ മനുഷ്യാവകാശ ലംഘനങ്ങൾ നടക്കുമ്പോൾ ആ വിഷയത്തിൽ എല്ലാവരും അവരെ പിന്തുണയ്ക്കുകയും അവരോടൊപ്പം നിൽക്കുകയും ചെയ്യണം. ഇത് കക്ഷി രാഷ്ട്രീയത്തിന് അതീതമായി പിന്തുണ നൽകേണ്ട വിഷയമാണ്. വിഷയത്തിൽ കേരളത്തിലും ഇന്ത്യ മുന്നണിയിലും സർവ കക്ഷി യോഗം വിളിക്കണം”- കുഞ്ഞാലിക്കുട്ടി ആവശ്യപ്പെട്ടു.
പരിപാടിയിൽ മുസ്‌ലിം ലീഗ് പങ്കെടുക്കരുതെന്ന് കോൺഗ്രസ് നേതാക്കൾ ആവശ്യപ്പെട്ടിരുന്നു. നേരത്തെ ഇടി മുഹമ്മദ് ബഷീര്‍ നടത്തിയ പ്രസ്താവനയാണ് വലിയ ചർച്ചകൾക്ക് വഴി വെച്ചത്. സിപിഎമ്മിന്‍റെ പലസ്തീൻ ഐക്യദാർഢ്യ റാലിയിൽ ലീഗ് സഹകരിക്കുമെന്നും റാലിയിലേക്ക് ക്ഷണിച്ചാൽ പങ്കെടുക്കുമെന്നുമായിരുന്നു ഇ.ടി മുഹമ്മദ് ബഷീർ എംപി പറഞ്ഞത്. ഏക സിവിൽ കോഡ് സെമിനാറിൽ പങ്കെടുക്കാത്തതിന്‍റെ സാഹചര്യം വേറെയാണെന്നും അദ്ദേഹം പറഞ്ഞിരുന്നു. പ്രസ്താവനക്ക് പിന്നാലെയാണ് ലീഗിനെ സിപിഎം ഔദ്യോഗികമായി സെമിനാറിലേക്ക് ക്ഷണിച്ചത്.
Be the first to comment