‘അന്‍വര്‍ രാജിവെച്ചാലും ഒരു ചലനവും ഉണ്ടാകില്ല; അന്‍വറിന്റേത് അറു പിന്തിരിപ്പന്‍ നയം’ : എം വി ഗോവിന്ദന്‍

പി വി അന്‍വര്‍ രാജിവെച്ചാലും ഒരു ചലനവും ഉണ്ടാകില്ലെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍. അന്‍വറിന്റേത് അറു പിന്തിരിപ്പന്‍ നയമെന്നും അദ്ദേഹം പ്രതികരിച്ചു. അന്‍വര്‍ നേരത്തെ തന്നെ യുഡിഎഫിന്റെ ഭാഗമെന്നും ഒടുവില്‍ അവിടെ ചെന്നേ ചേരൂവെന്നും എം വി ഗോവിന്ദന്‍ വിശദമാക്കി.

അതേസമയം, പി വി അന്‍വര്‍ അല്‍പസമയത്തിനകം സ്പീക്കര്‍ എഎന്‍ ഷംസീറിനെ കാണും. രാവിലെ 9.30ന് വാര്‍ത്താ സമ്മേളനം നടത്തി നിര്‍ണായക പ്രഖ്യാപനം നടത്തുമെന്നാണ് അന്‍വറിന്റെ അറിയിപ്പ്. എംഎല്‍എ സ്ഥാനം രാജിവച്ച് രക്തസാക്ഷി പരിവേഷത്തിനാണ് ശ്രമമെങ്കിലും മറ്റു വഴികള്‍ ഇല്ലാതെയാണ് രാജി. തൃണമൂല്‍ കോണ്‍ഗ്രസില്‍ അംഗത്വം എടുത്തതോടെ അയോഗ്യത ഒഴിവാക്കാനാണ് നീക്കം.

സ്വതന്ത്ര എം.എല്‍.എക്ക് മറ്റു പാര്‍ട്ടിയില്‍ അംഗത്വം എടുക്കുന്നതിനുള്ള നിയമ തടസ്സമാണ് പ്രശ്‌നം. അയോഗ്യത വന്നാല്‍ അടുത്ത അഞ്ചുവര്‍ഷത്തേക്ക് തെരഞ്ഞെടുപ്പിലും മത്സരിക്കാനാവില്ല. ഇതു മുന്നില്‍കണ്ടാണ് പി വി അന്‍വറിന്റെ രാജി തീരുമാനം. ഈ നിയമസഭ കാലയളവ് തീരും വരെയും എംഎല്‍എയായി തുടരുമെന്നായിരുന്നു അന്‍വറിന്റെ നേരത്തെയുള്ള പ്രഖ്യാപനം. തൃണമൂല്‍ കോണ്‍ഗ്രസില്‍ അംഗത്വമെടുത്ത പി.വി അന്‍വര്‍ അയോഗ്യത നേരത്തെ അറിഞ്ഞിരുന്നില്ല എന്നാണ് സൂചന.

പിന്നാലെ അംഗത്വം എടുത്തില്ല എന്ന വാദം നിരത്തിയെങ്കിലും അത് പൊളിഞ്ഞു. രാജ്യസഭാംഗത്വം ഉള്‍പ്പെടെ കോണ്‍ഗ്രസ് വാഗ്ദാനം ചെയ്തുവെന്നും പി.വി അന്‍വറിന്റെ അടുപ്പക്കാര്‍ പറയുന്നു. സ്പീക്കര്‍ക്ക് രാജിക്കത്ത് നല്‍കിയശേഷം രാവിലെ 9 .30ന് തിരുവനന്തപുരം സ്വകാര്യ ഹോട്ടലില്‍ വച്ച് മാധ്യമങ്ങളെയും കാണും.

Be the first to comment

Leave a Reply

Your email address will not be published.


*