അനുമതി വാങ്ങിയില്ല; വിദ്യാര്‍ത്ഥികളുമായി വിനോദയാത്ര നടത്താനെത്തിയ ടൂറിസ്റ്റ് ബസുകള്‍ മോട്ടോര്‍വാഹന വകുപ്പ് പിടിച്ചെടുത്തു

കൊച്ചി: വിനോദയാത്രയ്ക്ക് ഒരുങ്ങിയ നാല് ടൂറിസ്റ്റ് ബസുകൾ കൊച്ചിയിൽ മോട്ടോർവാഹന വകുപ്പ് പിടിച്ചെടുത്തു. എളമക്കര ഗവണ്മെന്റ് ഹയർ സെക്കൻഡറി സ്കൂളിലെത്തിയ ബസുകളാണ് എംവിഡി പിടിച്ചെടുത്തത്. വിദ്യാർത്ഥികളുമായി ഊട്ടിയിലേക്ക് വിനോദയാത്ര പോകുന്നതിന് അനുമതി വാങ്ങിയിട്ടില്ലെന്ന് ചൂണ്ടികാണിച്ചാണ് നടപടി.

ഇന്ന് പുലർച്ചെയാണ് സംഭവം. ഊട്ടിയിലേക്ക് വിനോദയാത്രക്ക് പുറപ്പെടുന്നതിനു മുൻപ് ബസുകൾ മോട്ടോർവാഹനവകുപ്പിന്റെ പരിശോധനക്ക് വിധേയമാക്കിയില്ലെന്ന കാരണത്താലാണ് ബസുകൾ കസ്റ്റഡിയിൽ എടുത്തത്. പരിശോധന നടക്കുമ്പോൾ നാലു ബസുകളിലുമായി ഇരുന്നൂറോളം വിദ്യാർത്ഥികളാണ് ഉണ്ടായിരുന്നത്. ബസിൽ നിന്ന് വിദ്യാർത്ഥികളെ ഇറക്കിവിട്ടശേഷം ബസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു.

ബസിന്റെ ഫിറ്റ്നസ് രേഖകൾ അടക്കം ഹാജരാക്കിയാലേ ബസ് വിട്ടുനൽകുകയുള്ളു എന്ന് ഉദ്യോഗസ്ഥർ അറിയിച്ചു. അവസാന നിമിഷത്തിലെ മോട്ടോർ വാഹന വകുപ്പിന്റെ നടപടി ടൂർ പ്രതിസന്ധിയിലാക്കിയെങ്കിലും വിദ്യാർത്ഥികളുടെ സുരക്ഷ മുൻനിർത്തിയാണ് പരിശോധനയെന്നാണ് അധികൃതർ പറയുന്നത്.

Be the first to comment

Leave a Reply

Your email address will not be published.


*