എന്‍റെ ജീവന് ഭീഷണിയുണ്ടാവരുത്, ഞാനും രാഷ്ട്രീയ പ്രവർത്തകയാണ് ; കെ കെ രമ

കൊച്ചി: താനും ഒരു രാഷ്‌ട്രീയ പ്രവർത്തകയാണെന്നും തന്‍റെ ജീവനും ഇനി ഭീഷണി ഉണ്ടാവരുതെന്നും കെ കെ രമ എംഎല്‍എ.  അതിന് ടിപി വധക്കേസിലെ വിധി സഹായകരം ആകണമെന്ന്  കെ കെ രമയുടെ അഭിഭാഷകൻ ഹൈക്കോടതിയിൽ പറഞ്ഞു.

അതിനിടെ ടിപി വധക്കേസുമായി ബന്ധപ്പെട്ട് പ്രതികൾക്ക് വധശിക്ഷ നൽകണമെന്ന പ്രോസിക്യൂഷൻ ആവശ്യം എന്തിനെന്ന് കോടതി ആരാഞ്ഞു.  കുറ്റക്കാരെന്ന് കണ്ടെത്തിയ കെ കെ കൃഷ്ണനും ജ്യോതിബാബുവും നിരവധി ആരോഗ്യപ്രശ്നങ്ങൾ ഉള്ളവരാണ്.  എന്തുകൊണ്ടാണ് പ്രായമുള്ള പ്രതികൾക്ക് വധശിക്ഷ വേണമെന്ന് ആവശ്യപ്പെടുന്നത്? സുപ്രിംകോടതി ഇക്കാര്യങ്ങൾ പരിഗണിക്കണമെന്നാണ് പറഞ്ഞിട്ടുള്ളത്. അപൂർവങ്ങളിൽ അപൂർവമായ കേസുകൾക്ക് മാത്രം വധശിക്ഷ നൽകാനാണ് സുപ്രിംകോടതി മാർഗനിർദേശം.  പ്രതികളുടെ ശിക്ഷ ജീവപര്യന്തത്തിൽ നിന്ന് പരമാവധി ശിക്ഷയായ വധശിക്ഷയായി ഉയർത്താൻ സാഹചര്യം ഉണ്ടോയെന്നും കോടതി ചോദിച്ചു.

പ്രതികളുടെ ശിക്ഷ വര്‍ധിപ്പിക്കണമെന്ന പ്രോസിക്യൂഷൻ വാദം കേൾക്കുന്നതിനിടെയാണ് ഹൈക്കോടതി ഈ ചോദ്യങ്ങൾ ഉന്നയിച്ചത്.  എല്ലാ തെളിവുകളും കോടതി പരിശോധിച്ചതാണെന്നും കൊലപാതകം ആസൂത്രണം ചെയ്തു നടപ്പാക്കിയതാണെന്നും പ്രോസിക്യൂഷൻ വാദിച്ചു.  പെട്ടെന്നുള്ള വികാരത്തിന് പുറത്ത് നടന്ന കൊലപാതകം അല്ല ടിപി ചന്ദ്രശേഖരന്റേത്.  ഒരാളുടെ മാത്രം ബുദ്ധിയിൽ ആലോചിച്ചു നടത്തിയ കൊലപാതകം അല്ല ഇതെന്നും പ്രോസിക്യൂഷൻ പറഞ്ഞു.  പ്രതികൾക്ക് പരമാവധി ശിക്ഷ നൽകണമെന്ന് പ്രോസിക്യൂഷൻ ഹൈക്കോടതിയിൽ ആവശ്യപ്പെട്ടു.  ഇന്ന് വൈകുന്നേരം 3.30ന് നിർണായക വിധി വരും.

 

Be the first to comment

Leave a Reply

Your email address will not be published.


*