സ്ഥാനഭ്രഷ്ടയാക്കപ്പെട്ട ഭരണാധികാരിയും നൊബേല്‍ സമ്മാന ജേതാവുമായ ആങ് സാന്‍ സൂ ചിക്ക് മാപ്പു നല്‍കി മ്യാന്മര്‍ ഭരണകൂടം. രാജ്യത്തെ പട്ടാള ഭരണകൂടം സൂ ചിക്ക് മാപ്പു നല്‍കിയതായി ദേശീയ മാധ്യമങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തത്. എല്ലാ കുറ്റങ്ങളില്‍ നിന്നും ഒഴിവാക്കപ്പെടാത്ത സാഹചര്യത്തില്‍ സൂചിയുടെ മോചനം ഉടന്‍ ഉണ്ടാകില്ലെന്നാണ് സൂചന.
ബുദ്ധമത വിശ്വാസത്തില്‍ പ്രധാനപ്പെട്ട നോമ്പ് കാലത്തിന്റെ ഭാഗമായി 7,000 കുറ്റവാളികള്‍ക്ക് മാപ്പു നല്‍കുന്നുവെന്നാണ് പട്ടാളഭരണകൂടം അറിയിച്ചിട്ടുള്ളത്. ഇതില്‍ സൂ ചിയും അവരുടെ കൂട്ടാളിയും മുന്‍ പ്രസിഡന്‌റുമായ വിന്‍ മിന്റും ഉള്‍പ്പെടും. എന്തുകൊണ്ടാണ് സൂചിക്ക് മാപ്പുനല്‍കാന്‍ ഭരണകൂടം തയ്യാറായത് എന്നത് സംബന്ധിച്ചോ അവര്‍ ഇനി രാഷ്ട്രീയത്തില്‍ നിന്ന് വിട്ടുനില്‍ക്കുമോ തുടങ്ങിയ കാര്യങ്ങളിലോ വ്യക്തതയില്ല.
ജനാധിപത്യപരമായി തിരഞ്ഞെടുക്കപ്പെട്ട സൂചി സര്‍ക്കാരിനെ 2021ലാണ് പട്ടാളം അട്ടിമറിക്കുന്നത്. പിന്നാലെ സൂ ചിക്ക് മേല്‍ വിവിധ കുറ്റങ്ങള്‍ ചുമത്തി. 78 കാരിയായ സൂചിക്ക് മേല്‍ 19 കേസുകളാണ് പട്ടാളഭരണകൂടം ചുമത്തിയിരുന്നത്. അഴിമതിയടക്കം ചുമത്തപ്പെട്ട നിരവധി കുറ്റങ്ങള്‍ രാഷ്ട്രീയ പ്രേരിതമെന്ന് ആരോപണം ഉയര്‍ന്നിരുന്നു.
എല്ലാ കേസുകളിലുമായി ആകെ 33 വര്‍ഷം തടവുശിക്ഷയാണ് സൂചി നേരിടുന്നത്. ഇപ്പോള്‍ അഞ്ച് കുറ്റങ്ങളില്‍ നിന്ന് പട്ടാളഭരണകൂടം മുക്തയാക്കിയതോടെ ശിക്ഷാ കാലാവധി കുറയും. ജയിലിലായിരുന്ന സൂചിയെ കഴിഞ്ഞ ദിവസം വീട്ടു തടങ്കലിലേക്ക് മാറ്റിയിരുന്നു. ഇതിന് പിന്നാലെയാണ് മാപ്പു നല്‍കല്‍. അതേസമയം മ്യാന്മറില്‍ നാലാം തവണയും അടിയന്തരാവസ്ഥ നീട്ടിയിട്ടുണ്ട്. ആറ് മാസത്തേക്ക് കൂടിയാണ് അടിയന്തരാവസ്ഥ നീട്ടിയത്.
ലോകത്താകമാനം ജനാധിപത്യ – മനുഷ്യാവകാശ പ്രവര്‍ത്തനങ്ങളുടെ മുഖമായിരിക്കുമ്പോഴും ഭരണാധികാരിയെന്ന നിലയില്‍ റോഹിങ്ക്യന്‍ വിഷയത്തില്‍ സൂ ചിയെടുത്ത നിലപാട് വ്യാപകമായി വിമര്‍ശിക്കപ്പെട്ടിരുന്നു.
Be the first to comment