മൈനാഗപ്പള്ളി അപകടം; മദ്യപിക്കുന്ന ആളല്ല, ശ്രീക്കുട്ടി നിരപരാധി, അമ്മ സുരഭി

കൊല്ലം മൈനാഗപ്പള്ളിയില്‍ വീട്ടമ്മയെ കാറിടിച്ച് കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതികളിലൊരാളായ ഡോക്ടർ ശ്രീക്കുട്ടി നിരപരാധിയെന്ന് അമ്മ സുരഭി.ഭർത്താവ് സോണിയും അജ്മലും ചേർന്ന് തന്റെ മകളെ ഇതിൽ കുടുക്കിയതാണെന്നും, മകൾ മദ്യപിക്കുന്ന ആളല്ലെന്നും നിർബന്ധിപ്പിച്ച് മദ്യപിപ്പിച്ചതാവുമെന്നും സുരഭി ആരോപിച്ചു.

അതേസമയം, അജ്മല്‍ ഓടിച്ച കാറിന് ഇന്‍ഷുറന്‍സ് ഉണ്ടായിരുന്നില്ല. അപകടത്തിന് ശേഷം പ്രതികള്‍ കാറിന്റെ ഇന്‍ഷുറന്‍സ് പുതുക്കുകയായിരുന്നുവെന്ന് വ്യക്തമായിട്ടുണ്ട്. അജ്മലിന്റെ സുഹൃത്തിന്റെ മാതാവിന്റെ പേരിലാണ് കാര്‍. അപകടശേഷം പ്രതികള്‍ യുണൈറ്റഡ് ഇന്ത്യ ഇന്‍ഷുറന്‍സ് കമ്പനിയില്‍ നിന്നു പോളിസി ഓണ്‍ലൈന്‍ വഴി പുതുക്കി. ഇന്‍ഷുറന്‍സ് കാലാവധി 2023 ഡിസംബര്‍ 13ന് അവസാനിച്ചിരുന്നു. KL Q 23 9347 നമ്പരിലുള്ള കാര്‍ ആണ് അപകടം വരുത്തിയത്.

പ്രതികളെ കസ്റ്റഡിയില്‍ വാങ്ങി തെളിവെടുപ്പ് അടക്കം പൂര്‍ത്തിയാക്കാനാണ് പോലീസിന്റെ തീരുമാനം. സംഭവം നടന്ന സ്ഥലത്തും പ്രതികള്‍ ഒളിവില്‍ പോയ ഇടങ്ങളിലും എത്തിച്ച് തെളിവെടുപ്പ് നടത്തും. നിലവില്‍ 14 ദിവസത്തെ ജുഡീഷ്യല്‍ കസ്റ്റഡിയിലാണ് പ്രതിയായ അജ്മലും ഡോക്ടര്‍ ശ്രീക്കുട്ടിയും.

ഡോക്ടര്‍ ശ്രീക്കുട്ടി വാഹനം ഓടിച്ച് മുന്നോട്ട് പോകാന്‍ അജ്മലിന് നിര്‍ദേശം നല്‍കിയെന്ന് റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ പറയുന്നു. തെളിവുകളും സിസിടിവി ദൃശ്യങ്ങളും ശക്തമായി നിലനില്‍ക്കുന്നതാണെന്ന് മജിസ്ട്രേറ്റ് നിരീക്ഷണം നടത്തി. പ്രതികള്‍ ചെയ്തത് ഗുരുതര സ്വഭാവത്തിലുള്ള കുറ്റമെന്ന് മജിസ്ട്രേറ്റ് പറഞ്ഞു. തുടര്‍ന്ന് പ്രതികളെ റിമാന്‍ഡ് ചെയ്യുകയായിരുന്നു.

കേസില്‍ ഇരുവര്‍ക്കുമെതിരെ നരഹത്യാക്കുറ്റം ചുമത്തിയിരുന്നു. ശ്രീക്കുട്ടിക്കെതിരെ പ്രേരണക്കുറ്റവും ചുമത്തിയിരുന്നു. മദ്യലഹരിയിലായിരുന്നു ഇരുവരുടെയും യാത്ര. അജ്മല്‍ നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയാണെന്ന് ഇതിനോടകം തെളിഞ്ഞിട്ടുണ്ട്. സംഭവത്തിന് പിന്നാലെ ശ്രീക്കുട്ടിയെ കൊല്ലത്തെ വലിയത്ത് ആശുപത്രി മാനേജ്മെന്റ് പുറത്താക്കിയിരുന്നു. അപകടത്തില്‍ മൈനാഗപ്പള്ളി സ്വദേശിനി കുഞ്ഞുമോള്‍ (45) ആണ് മരിച്ചത്.

Be the first to comment

Leave a Reply

Your email address will not be published.


*