പുറത്തിറങ്ങിയുള്ള കളികള്‍ കുറഞ്ഞു, സ്ക്രീന്‍ ടൈം കൂടി; കുട്ടികൾക്കിടയിൽ ഹ്രസ്വദൃഷ്ടി വ്യാപിക്കുന്നു‌, 2050 ഓടെ 740 ദശലക്ഷം രോ​ഗബാധിതർ

കുട്ടികള്‍ക്കിടയിലും കൗമാരക്കാർക്കിടയിലും ഹ്രസ്വദൃഷ്ടി അഥവ മയോപിയയുടെ വ്യാപനം കുതിച്ചുയരുകയാണ്. 2050-ഓടെ ആഗോളതലത്തില്‍ ഏതാണ്ട് 740 ദശലക്ഷം യുവാക്കള്‍ മയോപിയ ബാധിതരാകുമെന്നാണ് ചൈനീസ് ഗവേഷകരുടെ പ്രവചനം. 50 രാജ്യങ്ങളില്‍ 5.4 ദശലക്ഷം ആളുകള്‍ പങ്കെടുത്ത 276 പഠനങ്ങള്‍ വിലയിരുത്തിയാണ് ഗവേഷക സംഘം പഠനം നടത്തിയത്.

പഠനത്തില്‍ കഴിഞ്ഞ 30 വര്‍ഷത്തിനിടെ കുട്ടികള്‍ക്കിടയിലും കൗമാരക്കാര്‍ക്കിടയിലും ഹ്രസ്വദൃഷ്ടി വലിയ തോതില്‍ വ്യാപിച്ചതായി കണ്ടെത്തിയെന്നും ബ്രിട്ടീഷ് ജേണല്‍ ഓഫ് ഒഫ്താല്‍മോളജിയില്‍ പ്രസിദ്ധീകരിച്ച പഠനത്തിൽ പറയുന്നു. 1990കളില്‍ 24.32 ശതമാനമായിരുന്നത് 2020കളുടെ തുടക്കത്തില്‍ 35.81 ശതമാനമായെന്നും ഗവേഷകര്‍ ചൂണ്ടിക്കാട്ടി.

കിഴക്കന്‍ ഏഷ്യന്‍ രാജ്യങ്ങളില്‍ ഏറ്റവും കൂടുതല്‍ മയോപിയ നിരക്ക് രേഖപ്പെടുത്തിയിരിക്കുന്നത് ജപ്പാനിലാണ്. 85.95 ശതമാനമാണിത്. കൗമാര പ്രായത്തില്‍ ആണ്‍കുട്ടികളെക്കാള്‍ പെണ്‍കുട്ടികളിലാണ് മയോപിയ ബാധയ്ക്ക് സാധ്യതയെന്നും ഗവേഷകര്‍ പറയുന്നു. പെണ്‍ക്കുട്ടികളില്‍ സംഭവിക്കുന്ന ശാരീരിക മാറ്റമാണ് ഇതില്‍ ഒരു പ്രധാന ഘടകം. കൂടാതെ ആൺകുട്ടികളെ അപേക്ഷിച്ച് പെൺകുട്ടികൾക്ക് ഔട്ട് ഡോര്‍ പ്രവര്‍ത്തനം കുറവാണെന്നതും മറ്റൊരു കാരണമായി ​ഗവേഷകർ ചൂണ്ടിക്കാണിക്കുന്നു.

2050 ആകുമ്പോഴേക്കും ആരോഗളതലത്തില്‍ 39.80 ശതമാനം കുട്ടികളിലും കൗമാരക്കാരിലും മയോപിയ വ്യാപിക്കുമെന്നാണ് ഗവേഷകര്‍ പഠനത്തില്‍ സൂചിപ്പിക്കുന്നത്.

മയോപിയ വര്‍ധിക്കാനുള്ള കാരണം

കുട്ടികൾക്കിടയിൽ ഔട്ട് ഡോർ പ്രവർത്തനങ്ങൾ കുറയുന്നത്, അമിത സ്‌ക്രീന്‍ ടൈം, നേരത്തെയുള്ള ഔപചാരിക വിദ്യാഭ്യാസം തുടങ്ങിയ ഘടകങ്ങള്‍ കുട്ടികൾക്കിടയിൽ മയോപിയയുടെ വ്യാപനത്തിന് വർധിക്കുന്നതിന് കാരണമാകുന്നുമെന്ന് ഗവേഷകര്‍ പറയുന്നു. കുട്ടികളില്‍ നേത്ര സംരക്ഷണത്തെ കുറിച്ച് അവബോധം നല്‍കേണ്ടത് പ്രധാന്യത്തെ കുറിച്ചും പഠനത്തിൽ വ്യക്തമാക്കുന്നു. കുട്ടികളെ പുറത്ത് കളിക്കാൻ വിടുന്നതും സ്‌ക്രീന്‍ ടൈം കുറയ്ക്കുന്നതും നേത്ര വ്യായാമം പതിവായി ചെയ്യുന്നതുമൊക്കെ മയോപിയ സാധ്യത കുറയ്ക്കാൻ സഹായിക്കുമെന്ന് ​ഗവേഷകർ പറയുന്നു.

Be the first to comment

Leave a Reply

Your email address will not be published.


*