
ജമ്മു കശ്മീരിലെ രജൗരിയിൽ 17 ദുരൂഹ മരണങ്ങൾ റിപ്പോർട്ട് ചെയ്തതിനെ തുടർന്ന് 163 ഏർപ്പെടുത്തുകയും ബദാൽ ഗ്രാമത്തെ കണ്ടെയ്ൻമെൻ്റ് സോണായി പ്രഖ്യാപിക്കുകയും ചെയ്തു. ഡിസംബർ 7 നും ജനുവരി 19 നും ഇടയിൽ മൂന്ന് കുടുംബങ്ങളിലെ 13 കുട്ടികളടക്കം 17 പേരാണ് ദുരൂഹ സാഹചര്യത്തിൽ മരിച്ചത്. വിഷബാധയേറ്റതാണ് മരണകാരണമെന്നാണ് പ്രാഥമിക നിഗമനം. മരണം സംഭവിച്ച കുടുംബങ്ങളുടെ വീടുകൾ സീൽ ചെയ്യും. ബദാൽ ഗ്രാമത്തെ 3 സോണുകളായി തിരിച്ചു. എല്ലാ പൊതു, സ്വകാര്യ സമ്മേളനങ്ങളും നിരോധിച്ചു. കണ്ടെയ്ൻമെൻ്റ് സോണുകളിലെ കുടുംബങ്ങൾക്ക് നൽകുന്ന എല്ലാ ഭക്ഷണവും ഉദ്യോഗസ്ഥർ നിരീക്ഷിക്കുന്നുണ്ട്.
രജൗരി ജില്ലയിലെ ബദാൽ ഗ്രാമത്തിലെ 17 മരണങ്ങൾക്ക് പിന്നിലെ ദുരൂഹത നീക്കാൻ അന്വേഷണം നടക്കുകയാണെന്ന് ജമ്മു കശ്മീർ മുഖ്യമന്ത്രി ഒമർ അബ്ദുള്ള പറഞ്ഞു. സിവിൽ അഡ്മിനിസ്‌ട്രേഷൻ്റെയും പോലീസിൻ്റെയും ഇന്ത്യാ ഗവൺമെൻ്റിൻ്റെയും സംയുക്ത സംഘമാണ് ഇപ്പോൾ സ്ഥിതിഗതികൾ നിയന്ത്രിക്കുന്നത്. ഏതെങ്കിലും രോഗത്തിൻ്റെ ഫലമാണോ മരണങ്ങൾ എന്നറിയാൻ പഠനം നടത്തിരുന്നു. എന്നാൽ ബാക്ടീരിയയോ വൈറസോ ഇല്ലെന്ന് കണ്ടെത്തിയതായി മുഖ്യമന്ത്രി പറഞ്ഞു.
ഒരു ചടങ്ങിൽ പങ്കെടുത്ത് ഭക്ഷണം കഴിച്ചതിന് പിന്നാലെ ഡിസംബർ 7ന് ഒരു കുടുംബത്തിലെ അഞ്ച് പേർ മരിച്ചതാണ് തുടക്കം. പിന്നാലെ 12 നും സമാന രീതിയിൽ ഒരു കുടുംബത്തിലെ ഒമ്പത് പേർക്ക് വിഷബാധയേറ്റു. മൂന്ന് പേർ മരിച്ചു. കൃത്യം ഒരുമാസത്തിന് ശേഷം കഴിഞ്ഞ ഞായറാഴ്ച ആറ് കുട്ടികളടക്കം 10 പേർ ആശുപത്രിയിലായി. ഇതിൽ അഞ്ച് കുട്ടികൾ മരിച്ചു. വെള്ളിയാഴ്ച 64 വയസുള്ള സ്ത്രീയും മരിച്ചിരുന്നു. നിരവധിപേർ ഇപ്പോഴും ചികിത്സയിലുണ്ട്. തുടർച്ചയായി മരണങ്ങൾ സംഭവിക്കുമ്പോഴും യഥാർത്ഥ കാരണം അവ്യക്തമായി തുടരുകയാണ്. പിന്നാലെയാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയം വിദഗ്ദ്ധ സംഘത്തെ അന്വേഷണത്തിനായി നിയോഗിച്ചത്. ആരോഗ്യ – ജലവിഭവ -കൃഷി – വളം മന്ത്രാലയങ്ങളിലെ പ്രതിനിധികളും കേന്ദ്ര ഫോറൻസിക് സയൻസ് ലാബിലെ ഉന്നത ഉദ്യോഗസ്ഥരും സംഘത്തിലുണ്ട്.
Be the first to comment