ജീവനെടുത്തത് തുമ്പച്ചെടി തോരനെന്ന് സംശയം; ആലപ്പുഴയിലെ യുവതിയുടെ മരണത്തില്‍ ദുരൂഹത

ചേര്‍ത്തല: തുമ്പച്ചെടി തോരന്‍ കഴിച്ചതിനു ശേഷം ദേഹാസ്വാസ്ഥ്യം, തുടര്‍ന്നു മരണം. ആലപ്പുഴ ചേര്‍ത്തലയില്‍ യുവതി മരിച്ച സംഭവത്തില്‍ അസ്വാഭാവിക മരണത്തിന് കേസെടുത്ത് പൊലീസ്. ചേര്‍ത്തല 17-ാം വാര്‍ഡ് ദേവീനിവാസിലെ ജയാനന്ദന്റെയും മീരാഭായിയുടെയും മകളായ ഇന്ദു (42) ആണ് കഴിഞ്ഞ ദിവസം മരിച്ചത്.

കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികില്‍സയിലായിരുന്ന ഇവര്‍ വ്യാഴാഴ്ച രാത്രി തുമ്പച്ചെടി കൊണ്ടുള്ള തോരന്‍ കഴിച്ചിരുന്നത്രെ. തുടര്‍ന്ന് ഇന്ദുവിന് ശാരീരിക അസ്വാസ്ഥ്യം ഉണ്ടാവുകയായിരുന്നു. ഇതേ തുടര്‍ന്ന് ആദ്യം ചേര്‍ത്തലയിലും പിന്നീട് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലും ഇന്ദുവിനെ പ്രവേശിപ്പിച്ചിരുന്നെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ഇതോടെയാണ് കുടുംബം ഇന്ദു തുമ്പച്ചെടി തോരന്‍ കഴിച്ചിരുന്നതായും ഇതാണോ മരണകാരണമായിരിക്കുക എന്നുള്ള സംശയം പൊലീസിനോട് പങ്കുവെച്ചത്.

എന്നാല്‍ ഇക്കാര്യം പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടും രാസപരിശോധനാ ഫലവും ലഭിച്ചാലേ സ്ഥിരീകരിക്കാനാകൂ എന്ന് പൊലീസ് അറിയിച്ചു. പ്രമേഹരോഗിയായിരുന്നു ഇന്ദു. അതുകൊണ്ട് തന്നെ ഇത്തരം രോഗബാധിതര്‍ തുമ്പ വര്‍ഗത്തിലുള്ള ചെടികള്‍ ഭക്ഷണത്തിനായി ഉപയോഗിക്കുന്നത്് ആരോഗ്യത്തെ ദോഷകരമായി ബാധിക്കാനിടയുണ്ടെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു. പ്രമേഹത്തിനു പുറമെ ഹൃദ്രോഗം, വൃക്ക സംബന്ധമായ അസുഖങ്ങള്‍ എന്നിവയുള്ളവരും തുമ്പച്ചെടി ഭക്ഷണത്തിനായി ഉപയോഗിക്കരുതെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു. മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനു ശേഷം വീട്ടുവളപ്പില്‍ സംസ്‌കരിച്ചു.

Be the first to comment

Leave a Reply

Your email address will not be published.


*