അഡീഷണൽ ചീഫ് സെക്രട്ടറി എ ജയതിലകിനെതിരെ പരസ്യ അധിക്ഷേപം തുടർന്ന് പട്ടികജാതി-വർഗ വകുപ്പ് സെക്രട്ടറിയായിരുന്ന എൻ പ്രശാന്ത്. എ ജയതിലക് IAS മാതൃഭൂമിയുടെ സ്പെഷ്യൽ റിപ്പോർട്ടർ എന്നാണ് എൻ പ്രശാന്തിന്റെ ഫേസ്ബുക്ക് പോസ്റ്റ്. മാടമ്പള്ളിയിലെ യഥാർഥ ചിത്തരോഗി എ ജയതിലകാണെന്ന ഫേസ്ബുക്ക് കമന്റിലെ അധിക്ഷേപത്തിന് പിന്നാലെയാണ് പ്രശാന്തിന്റെ ഫേസ്ബുക്ക് പോസ്റ്റ്.
ജയതിലക് ഐഎഎസിൻറെ ചിത്രം സഹിതം ഉൾപ്പെടുത്തിയാണ് എൻ പ്രശാന്ത് അതിരൂക്ഷ വിമർശനം ഉന്നയിച്ചത്. തനിക്കെതിരെ ദിനപത്ര ത്തിന് വാർത്ത നൽകുന്നത് ജയതിലകാണെന്ന് ആരോപിച്ച പ്രശാന്ത്, ‘സ്പെഷൽ റിപ്പോർട്ടർ’ എന്നാണ് ജയതിലകിനെ വിമർശിച്ചത്. അടുത്ത ചീഫ് സെക്രട്ടറിയെന്ന് സ്വയം വിശേഷിപ്പിച്ച മഹാനാണ് ജയതിലകെന്നും പ്രശാന്ത് പരിഹസിച്ചു.
മതാടിസ്ഥാനത്തിൽ രൂപീകരിച്ച വാട്സ്ആപ്പ് ഗ്രൂപ്പ് വിവാദത്തിൽ വ്യവസായ വകുപ്പ് ഡയറക്ടർ കെ ഗോപാലകൃഷ്ണനുമുണ്ട് പരിഹാസം. സ്വയം കുസൃതി ഒപ്പിച്ച ശേഷം അതിനെതിരെ പരാതിപ്പെടുന്ന ഐഎസുകാർ ഉണ്ടെന്നും ചിലരുടെ ഓർമ്മശക്തി ആരോ ഹാക്ക് ചെയ്തെന്നുമാണ് പരിഹാസം. ഈ പോസ്റ്റിനു താഴെ വന്ന കമന്റിന് മറുപടിയായി ജയതിലക് ഐഎഎസ് മാടമ്പള്ളിയിലെ ചിത്ത രോഗി എന്നും അധിക്ഷേപിച്ചു. പ്രശാന്ത് പട്ടികജാതി പട്ടികവർഗ്ഗ വകുപ്പിന് കീഴിൽ ഉന്നതി സി ഇ ഒ ആയിരിക്കെ ക്രമക്കേടുകൾ നടത്തിയെന്നും സുപ്രധാന ഫയലുകൾ കാണാതായെന്നും ഈയടുത്ത് ജയതിലക് മുഖ്യമന്ത്രിക്ക് നൽകിയ റിപ്പോർട്ടിൽ സൂചിപ്പിച്ചിരുന്നു. പ്രശാന്തിനെ മാറ്റി കെ ഗോപാലകൃഷ്ണനെ ആയിരുന്നു പിന്നീട് സിഇഒ ആക്കിയത്. ഈ അതൃപ്തിയാണ് പരസ്യപോരിലേക്ക് എത്തിയത്.
Be the first to comment