നാദാപുരം ഷിബിന്‍ വധക്കേസ്; പ്രതികളുടെ ശിക്ഷാവിധി ഇന്ന്

കോഴിക്കോട്: നാദാപുരം തൂണേരിയിലെ ഡിവൈഎഫ്ഐ പ്രവർത്തകൻ ഷിബിനിനെ കൊലപ്പെടുത്തിയ കേസിലെ പ്രതികളുടെ ശിക്ഷാവിധി ഇന്ന് (ഒക്‌ടോബര്‍ 15). മുസ്‌ലിം ലീഗ് പ്രവര്‍ത്തകര്‍ അടക്കം 8 പ്രതികള്‍ക്കുള്ള ശിക്ഷയാണ് ഇന്ന് ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് വിധിക്കുക. ഇന്നലെ (ഒക്‌ടോബര്‍ 14) നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ നിന്നും അറസ്റ്റ് ചെയ്‌ത പ്രതികളെ കോടതി പൊലീസ് കസ്റ്റഡിയില്‍ വിട്ടു.

പ്രതികളില്‍ ആറ് പേരാണ് ഇന്നലെ നെടുമ്പാശേരിയിലെത്തിയത്. ഇവര്‍ ആര് പേരും മുസ്‌ലിം ലീഗ് പ്രവര്‍ത്തകരാണ്. കേസില്‍ വിചാരണ കോടതി വിട്ടയച്ചതിനെ തുടര്‍ന്ന് ദുബായ്‌യിലെത്തിയ യുവാക്കള്‍ അവിടെ ജോലി ചെയ്‌തുവരികയായിരുന്നു. വിചാരണക്കോടതിയുടെ വിധിക്കെതിരായ അപ്പീലിൽ ഇവർ കുറ്റക്കാരാണെന്ന് ഹൈക്കോടതി വിധിച്ചിരുന്നു. തുടര്‍ന്ന് കോടതിയിൽ ഹാജരാകാനായി നാട്ടിലേക്ക് വരുന്നതിനിടയിലാണ് പോലീസിന്‍റെ തെരച്ചിൽ നോട്ടിസ് പ്രകാരം എമിഗ്രേഷൻ വിഭാഗം ഇവരെ തടഞ്ഞു വച്ചത്. പിന്നാലെ നാദാപുരം പോലീസ് കസ്റ്റഡിയിൽ എടുക്കുകയായിരുന്നു.

ഷിബിൻ വധക്കേസിലെ പ്രതികളെ അറസ്റ്റ് ചെയ്‌ത് ഒക്ടോബർ 15നുള്ളിൽ കോടതിയിൽ ഹാജരാക്കണമെന്ന് ഹൈക്കോടതി ഉത്തരവിട്ടിരുന്നു. ഷിബിൻ കൊലക്കേസുമായി ബന്ധപ്പെട്ട് മുഴുവൻ പ്രതികളേയും സംശയത്തിന്‍റെ ആനുകൂല്യത്തിലാണ് വിചാരണ കോടതി വെറുതെ വിട്ടത്. ഈ ഉത്തരവാണ് ഹൈക്കോടതി പുനഃപരിശോധിച്ചിരിക്കുന്നത്. കേസിലെ 17 പ്രതികളിൽ ഒന്നുമുതൽ ആറുവരേയും 15, 16 പ്രതികളും കുറ്റക്കാരാണെന്നാണ് ഹൈക്കോടതി കണ്ടെത്തിയിരിക്കുന്നത്. കുറ്റക്കാരെന്ന് കണ്ടെത്തിയ 8 പേരോടും ഹാജരാകാൻ ഹൈക്കോടതി നിർദേശിച്ചിരുന്നു.

കേസുമായി ബന്ധപ്പെട്ട് സംസ്ഥാന സർക്കാരിന്‍റെയും ഷിബിനിന്‍റെ മാതാപിതാക്കളുടേയും ഹർജി പരിഗണിച്ചുകൊണ്ടാണ് ഹൈക്കോടതി വിചാരണ കോടതിവിധി തിരുത്തിയത്. അതേസമയം കേസിലെ ഒന്നാം പ്രതി തെയ്യാംപടി ഇസ്‌മായിൽ കീഴടങ്ങിയിട്ടില്ല. ഹൈക്കോടതി കുറ്റക്കാരനാണെന്ന് കണ്ടെത്തിയ മൂന്നാം പ്രതി അസ്‌ലം നേരത്തേ കൊല്ലപ്പെട്ടിരുന്നു. വിചാരണ കോടതി വെറുതെ വിട്ടതിനുശേഷമായിരുന്നു മരണം.

2015 ജനുവരി 22നാണ് ഡിവൈഎഫ്ഐ പ്രവർത്തകനായ ഷിബിൻ കൊല്ലപ്പെട്ടത്. രാഷ്ട്രീവും വർഗീയവുമായ വിരോധത്താൽ ലീഗ് പ്രവർത്തകരായ പ്രതികൾ മാരകായുധങ്ങളുമായി ഷിബിൻ ഉൾപ്പെടെയുള്ള സിപിഎം പ്രവർത്തകരെ ആക്രമിച്ചെന്നായിരുന്നു കേസ്. സംഭവത്തിൽ ആറ് പേർക്ക് ഗുരുതരമായ പരിക്കേൽക്കുകയും ചെയ്‌തിരുന്നു.

Be the first to comment

Leave a Reply

Your email address will not be published.


*