‘ആരോപണങ്ങള്‍ രാഷ്ട്രീയ പ്രേരിതം; ആളുകളുടെ പണം തിരിച്ചു കിട്ടാന്‍ നിയമപരമായി ശ്രമിക്കും’; നജീബ് കാന്തപുരം

പാതി വില തട്ടിപ്പില്‍ ‘മുദ്ര’ ചാരിറ്റബിള്‍ സൊസൈറ്റിക്കും തനിക്കും എതിരെ ഉയര്‍ന്ന ആരോപണങ്ങള്‍ രാഷ്ട്രീയ പ്രേരിതം ആണെന്ന് പെരിന്തല്‍മണ്ണ എംഎല്‍എ നജീബ് കാന്തപുരം. മന്ത്രി വി ശിവന്‍ കുട്ടിയുടെ വാക്കുകള്‍ വിശ്വസിച്ചാണ് ഇവരുമായി സഹകരിച്ചത്. ആളുകളുടെ പണം തിരിച്ചു കിട്ടാന്‍ നിയമപരമായി ശ്രമിക്കുമെന്നും അല്ലെങ്കില്‍ ഏതു വിധേനയും അതെല്ലാം തിരിച്ചു കൊടുക്കുമെന്നും നജീബ് കാന്തപുരം പറഞ്ഞു.

കേരളത്തിലുടനീളം നടന്ന തട്ടിപ്പാണ് പാതിവില തട്ടിപ്പ്. ആരാണ് കബളിപ്പിക്കപ്പെട്ടത്, പണം നഷ്ടമായത് ആര്‍ക്ക് എന്ന് നോക്കാതെ കുറ്റവാളികള്‍ക്ക് എതിരെ നടപടി എടുക്കാതെ എന്‍ജിഒകളെ തേടി പോകുന്നു. തട്ടിപ്പ് തിരിച്ചറിയാതെ പോയത് സര്‍ക്കാരിന്റെയും ഇന്റലിജന്‍സിന്റെ പരാജയമാണ്. അല്ലെങ്കില്‍ അറിഞ്ഞിട്ടും മൂടിവെച്ചു. പണം നല്‍കിയവരെ പോലെ വഞ്ചിതരായവര്‍ ആണ് സന്നദ്ധസംഘടനകളും. എനിക്കെതിരെയുള്ള കേസ് രാഷ്ട്രീയ പ്രേരിതമാണ്. കുറ്റവാളികളെ തേടിപ്പോകാതെ കേസ് വഴിതിരിച്ചു വിടുന്നു – നജീബ് കാന്തപുരം വ്യക്തമാക്കി.

2023 -ല്‍ എന്‍ജിഒ ഓഫീസിന്റെ ഉല്‍ഘാടനം നിര്‍വഹിച്ചത് വി ശിവന്‍കുട്ടിയാണെന്നും എംഎല്‍എ ആരോപിച്ചു. എന്‍ജിഒയുടെ പ്രവര്‍ത്തനം വ്യാപിപ്പിക്കണം എന്നാണ് ശിവന്‍കുട്ടി പറഞ്ഞത്. വിശ്വാസയോഗ്യമായ നേതൃത്വമാണ് ഇതിന് ഉള്ളത് എന്നും ശിവന്‍കുട്ടി പറഞ്ഞു. അനന്തവുമായി എനിക്ക് അടുത്ത ബന്ധം ഉണ്ട് എന്നും പറഞ്ഞു . എന്റെയും സര്‍ക്കാരിന്റെയും എല്ലാ പിന്തുണയും എന്‍ജിഒക്ക് ഉണ്ട് എന്നും ശിവന്‍കുട്ടി പറഞ്ഞു – എംഎല്‍എ പറഞ്ഞു.

സന്നദ്ധ പ്രവര്‍ത്തകരെ കേസില്‍ കുടുക്കരുതെന്നും അവര്‍ക്ക് വേണ്ടിയാണ് താന്‍ സംസാരിക്കുന്നതെന്നും നജീബ് കാന്തപുരം പറഞ്ഞു. പ്രതികളുടെ പണം കണ്ടെത്തി നഷ്ടപ്പെട്ടവര്‍ക്ക് തിരിച്ചു കൊടുക്കാന്‍ പൊലീസ് തയ്യാറാക്കണമെന്നും ആവശ്യപ്പെട്ടു. തട്ടിപ്പ് നടത്തുന്നവര്‍ റെസിപ്റ്റ് നല്‍കുമോ എന്ന് ചോദിച്ച അദ്ദേഹം തങ്ങള്‍ പണം വാങ്ങിയ എല്ലാവര്‍ക്കും റെസിപ്റ്റ് നല്‍കിയെന്നും വ്യക്തമാക്കി. എംഎല്‍എയേ അറസ്റ്റ് ചെയ്യുന്നു എന്ന പ്രതിതി ഉണ്ടാക്കുന്നുവെന്നും നജീബ് കാന്തപുരം ആരോപിച്ചു.

Be the first to comment

Leave a Reply

Your email address will not be published.


*