പേര് മാറ്റി യോഗി സര്‍ക്കാര്‍; ജമാ മസ്ജിദ് മെട്രോസ്റ്റേഷന്‍ ഇനി മംഗമേശ്വര്‍ സ്റ്റേഷന്‍

ആഗ്ര: ആഗ്രയില്‍ നിര്‍മ്മാണത്തിലിരിക്കുന്ന മെട്രോ സ്റ്റേഷന്റെ പേര് മാറ്റി ഉത്തര്‍പ്രദേശ് സര്‍ക്കാര്‍. ജമാ മസ്ജിദ് മെട്രോസ്റ്റേഷന് മംഗമേശ്വര്‍ മേട്രോ സ്റ്റേഷന്‍ എന്ന് പുനര്‍നാമകരണം ചെയ്തു. തൊട്ടടുത്ത മംഗമേശ്വര്‍ ക്ഷേത്രത്തോടുള്ള ആദരസൂചകമായാണ് പേരുമാറ്റം.

ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ നിര്‍ദേശ പ്രകാരമാണ് പേര് മാറ്റമെന്ന് യുപിഎംആര്‍സി ഡെപ്യൂട്ടി ജനറല്‍ മാനേജര്‍ പ്രതികരിച്ചു. പേര് മാറ്റാന്‍ നേരത്തെ നിര്‍ദേശം നല്‍കിയിരുന്നുവെന്നും ഇപ്പോഴാണ് പ്രദര്‍ശിപ്പിച്ചതെന്നും അദ്ദേഹം പ്രതികരിച്ചു.

ആഗ്ര മെട്രോ നിര്‍മ്മാണത്തില്‍ ആദ്യഘട്ടത്തില്‍ ആകെ 13 സ്റ്റേഷനുകളുണ്ടെന്നും മുന്‍ഗണനാ പട്ടികയില്‍ ആറ് സ്റ്റേഷനുകളുണ്ടെന്നും അദ്ദേഹം വിശദീകരിച്ചു. താജ്മഹല്‍ ഈസ്റ്റ് ഗേറ്റ് ആദ്യത്തെ സ്റ്റേഷന്‍ ആണെങ്കില്‍, ജമാ മസ്ജിദ് ആറാമത്തെയും അവസാനത്തെയും സ്റ്റേഷനായിരുന്നു. ഇനി ഇത് മംഗമേശ്വര്‍ സ്റ്റേഷന്‍ എന്നറിയപ്പെടുമെന്നും ഡെപ്യൂട്ടി ജനറല്‍ മാനേജര്‍ വിശദീകരിച്ചു.

2022 ജൂലൈയില്‍ തന്നെ പേര് മാറ്റാനുള്ള ഉദ്ദേശ്യം യോഗി ആദിത്യനാഥ് പ്രകടിപ്പിച്ചിരുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദി ആഗ്ര മെട്രോയുടെ ഉദ്ഘാടനം ചെയ്യാനിരിക്കെയാണ് ഈ മാറ്റം.

Be the first to comment

Leave a Reply

Your email address will not be published.


*