തളിപ്പറമ്പിൽ 275 കുപ്പി മാഹി മദ്യവും സ്കൂട്ടറും സഹിതം യുവാവ് എക്സൈസ് പിടിയിൽ

കണ്ണൂര്‍: തളിപ്പറമ്പിൽ 275 കുപ്പി മാഹി മദ്യവും സ്കൂട്ടറും സഹിതം യുവാവ് എക്സൈസ് പിടിയിൽ. പെരിങ്ങോം ഉമ്മറപ്പൊയിൽ ഭാഗത്ത്‌ നടത്തിയ വാഹന പരിശോധനയ്ക്കിടയിലാണ് സ്‌കൂട്ടിയിൽ കടത്തുകയായിരുന്ന 50 കുപ്പി മാഹി മദ്യവുമായി മടക്കാംപൊയിൽ സ്വദേശി നന്ദു എന്നയാൾ പിടിയിലായത്. ചോദ്യം ചെയ്യലിൽ ഇയാൾ വിൽപ്പനയ്ക്ക് മദ്യം സ്റ്റോക്ക് ചെയ്തിട്ടുണ്ടെന്ന് സൂചന ലഭിച്ചു. തുടർന്ന് പ്രതി ഭൂമിക്കടിയിൽ രഹസ്യ അറയിൽ ഒളിപ്പിച്ചിരുന്ന 225 കുപ്പി മാഹി മദ്യം കൂടി എക്സൈസ് സംഘം കണ്ടെടുത്തു.

തളിപ്പറമ്പ് എക്സൈസ് സർക്കിൾ ഇൻസ്‌പെക്ടർ കെ കെ ഷിജിൽ കുമാറിന്‍റെ നേതൃത്വത്തിൽ പ്രിവന്‍റീവ് ഓഫീസർ  കെ കെ രാജേന്ദ്രൻ, സിവിൽ എക്സൈസ് ഓഫീസർമാരായ ശ്രീകാന്ത് ടി വി, സനേഷ് പി വി, പി സൂരജ്, എക്സൈസ് ഡ്രൈവർ അജിത്ത് പി വി എന്നിവർ കേസ് കണ്ടെടുത്ത പാർട്ടിയിൽ ഉണ്ടായിരുന്നു. അതേസമയം, കോഴിക്കോട് താമരശേരിയില്‍ എക്സൈസ് വന്‍ മയക്കുമരുന്ന് വേട്ട നടത്തിയിരുന്നു. 194 ഗ്രാം എം ഡി എം എയാണ് എക്സൈസ് പിടികൂടിയത്.

രണ്ട് പേരെ  കസ്റ്റഡിയിലെടുത്തു. ഉണ്ണികുളം  എസ്റ്റേറ്റ് മുക്ക്  നായാട്ടു കുന്നുമ്മൽ  ഫവാസ് (27) , ബാലുശ്ശേരി കാട്ടാംവള്ളി പുള്ളാണിക്കൽ  ജാസിൽ പി (23) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. താമരശ്ശേരി ചുരത്തിൽ നടത്തിയ പരിശോധനയിലാണ് മയക്കുമരുന്ന് പിടികൂടിയത്. ചുരം എട്ടാം വളവില്‍ കാറില്‍ കടത്തുകയായിരുന്നു മയക്കുമരുന്ന്. കാറും എക്സൈസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

മയക്കുമരുന്ന് മൈസൂരിലെ മൊത്ത വ്യാപാരിയില്‍ നിന്ന് വാങ്ങിയതാണെന്ന് പിടിയിലായവര്‍ ചോദ്യം ചെയ്യലില്‍ എക്സൈസ് ഉദ്യോഗസ്ഥരോട് പറഞ്ഞു. ഉത്തരമേഖല എക്സൈസ് കമ്മീഷണറുടെ സ്ക്വാഡിന് കിട്ടിയ രഹസ്യ വിവരത്തിന്‍റെ അടിസ്ഥാനത്തിലായിരുന്നു ചുരത്തില്‍ പരിശോധന. ഇവര്‍ സഞ്ചരിച്ച കെ.എല്‍ 57 എക്‌സ് 4652 നമ്പര്‍ ഇന്നോവ കാറും കസ്റ്റഡിയിലെടുത്തിട്ടുണ്ട്. മൈസൂരില്‍ നിന്നും രണ്ട് ലക്ഷം രൂപക്ക് വാങ്ങിയ എം ഡി എം എ സംസ്ഥാനത്ത് ചില്ലറ വില്‍പന നടത്തി അഞ്ച്‌ ലക്ഷം രൂപ സമാഹരിക്കാനാണ് ഉദ്ദേശിച്ചിരുന്നത്.

Be the first to comment

Leave a Reply

Your email address will not be published.


*